ലോകമെമ്പാടുമുള്ള ക്രൈസ്തവർ വരുംമാസത്തിന്റെ ആദ്യനാളുകളിൽ യേശുവിന്റെ പീഡാനുഭവം, മരണം, ഉയിർപ്പ് എന്നിവയെ അനുസ്മരിച്ചുകൊണ്ടുള്ള ആചരണങ്ങൾ നിർവഹിക്കുകയാണ്. ചില ഓർത്തഡോക്സ് സഭകൾ ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇതാചരിക്കുന്നത്. സഭകൾ ആശ്രയിക്കുന്ന കലണ്ടറിന്റെ വ്യത്യാസം കൊണ്ടാണിത്. പാശ്ചാത്യ സഭയും ഇന്ത്യയിലെ സഭകളും ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കി ദിനങ്ങൾ തീരുമാനിക്കുമ്പോൾ മിക്കവാറും ഓർത്തഡോക്സ് സഭകള്‍ ജൂലിയൻ കലണ്ടറാണ് ആധാരമാക്കുന്നത്. ഏതായാലും ഈ ദിനങ്ങൾ രണ്ടുവിഭാഗവും അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു. അതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ദുഃഖവെള്ളി എന്നും വലിയവെള്ളി എന്നും മരണത്തിന്റെ വെള്ളി എന്നുമൊക്കെ അറിയപ്പെടുന്ന ക്രൂശീകരണ ദിനം. ഈ ദിനമാണ് റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസ്, ജനത്തിന്റെ നിർബന്ധത്തിന് വഴങ്ങി യേശുവിനെ കുരിശിൽത്തറച്ച് കൊല്ലാൻ ഉത്തരവിട്ട് നടപ്പാക്കിയത്. അതുമൂലം കുരിശ് കാലഗതിയിൽ ക്രൈസ്തവ സമൂഹത്തിൽ ഒരു ആദരണീയ വസ്തുവായി തീർന്നു. റോമൻ ഭരണാധികാരികൾ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികളെ വധിക്കാൻ ഉപയോഗിച്ചിരുന്ന കൊലമരമായിരുന്നു അക്കാലത്ത് കുരിശ്.
ഇന്ന് ക്രൈസ്തവർക്ക് അത് ജീവന്റെയും രക്ഷയുടെയും അടയാളമാണ്. കുരിശിന്റെ പ്രാഗ് രൂപം മരണത്തെ അല്ല ജീവനെയാണ് പ്രതിനിധീകരിച്ചിരുന്നത്. കുരിശിന് സമാനമായ ഏറ്റവും പൗരാണികമായ വസ്തു ഈജിപ്തിലെ ബിസി 34–30 നൂറ്റാണ്ടുകൾക്കിടയിൽ ചിത്രലിപി ഉപയോഗിച്ചിരുന്നവരുടെ ജീവൻ എന്നതിന്റെ അടയാളമായിരുന്ന “അംഘ്” ആണ്. ഇതിന് ഇന്നത്തെ കുരിശിൽ നിന്നും ചെറിയൊരു വ്യത്യാസം ഉണ്ടായിരുന്നു. കുരിശിന്റെ മുകളിലെ ഭാഗം നേർരേഖയിൽ എന്നതിന് പകരം ദീർഘ വൃത്താകൃതിയിൽ ആയിരുന്നു. ഇതാണ് ഇന്ന് പൊതുവെ ഉപയോഗിക്കുന്ന കുരിശിന്റെ മൂലരൂപവും അർത്ഥവും. ഇത് ചില പ്രൊട്ടസ്റ്റന്റ് സഭകളിൽ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ജീവന്റെ അടയാളമായി കുരിശിനെ കണ്ട ഗുരു നിത്യചൈതന്യ യതി, അതിന്റെ നെടുകെയുള്ള ഭാഗം ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും കുറുകെയുള്ള ഭാഗം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നു എന്നും അവ തമ്മിലുള്ള സമ്മേളനമാണ് അതിന്റെ അന്തഃസത്ത എന്നും പറയുന്നു. എന്നാൽ റോമൻ ഭരണ വർഗം കുരിശിന്റെ ഈ സ്വാഭാവികതയെ വികലമാക്കി കൊലമരമാക്കി. ഒരാളെ കൈകൾ വിരിച്ച് കാലുകൾ കൂട്ടിച്ചേർത്ത് തറയ്ക്കുമ്പോൾ തല താങ്ങാൻ മുകളില്‍ ഭാഗമുള്ള ഒരു ഉപകരണമായിട്ടാണതിനെ കണ്ടത്. എന്നാൽ സ്വാഭാവികതയുടെ ഒരു വ്യതിചലനത്തിനും സ്ഥായിയായ നിലനില്പില്ല എന്നതാണ് സത്യം. അത് തനത് സ്വഭാവത്തിലേക്ക് കാലഗതിയിൽ തിരികെ വരും.
ഈജിപ്തിലായാലും ജർമ്മനിയിലായാലും ഇറ്റലിയിലായാലും ദക്ഷിണാഫ്രിക്കയിലായാലും മറ്റെവിടെ ആയാലും കാലഗതിയിൽ അത് സംഭവിച്ചിരിക്കും. ആഫ്രിക്കയിൽ ശക്തമായ സ്വാധീനമായ മുദ്രാവാക്യം ‘വീ ഷാൽ ഓവർകം സം ഡേ, ഡീപ് ഇൻ മൈ ഹാർട്ട് ഐ ഡു ബിലീവ് വീ ഷാൽ ഓവർകം സം ഡേ’ (നാം അതിജീവിക്കും ഒരു ദിനം, എന്റെ ഹൃദയത്തിന്റെ ഉള്ളറയിൽ ഞാൻ നിശ്ചയമായും വിശ്വസിക്കുന്നു, നാം ഒരുദിനം അതിജീവിക്കും) എന്നതായിരുന്നു, അത് സംഭവിച്ചു എന്നതിന് ചരിത്രം സാക്ഷി. യേശുവിന്റെ ക്രൂശീകരണത്തോടുപമിച്ചത് ഏതാണ്ട് പതിനേഴ് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു വിമോചന പ്രക്രിയയുടെ പശ്ചാത്തലത്തിൽ നടന്ന സംഭവമാണ്. സെന്റ് ജോൺ എന്ന ബൈബിൾ സുവിശേഷകൻ യേശുവിന്റെ ഒരു മുന്നറിയിപ്പ് സന്ദേശത്തിലൂടെ അത് പ്രകടമാക്കുന്നുണ്ട് (സെന്റ് ജോൺ 3: 14). ‘മോസസ് മരുഭൂമിയിൽ പിച്ചള സർപ്പത്തെ ഉയർത്തി മനുഷ്യരെ സർപ്പദംശനത്തിൽ നിന്നും രക്ഷപ്പെടുത്തിയതുപോലെ മനുഷ്യസന്തതിയും ഉയർത്തപ്പെടേണ്ടതുണ്ട് ലോകരക്ഷയ്ക്കായി’ എന്നതായിരുന്നു ആ പ്രസ്താവനയുടെ സാരം. താനും കൂട്ടരും ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽ നിന്നും സ്വയം വിമോചിതരായി മരുഭൂമിയിലൂടെ വാസയോഗ്യമായ നാട്ടിലേക്ക് സഞ്ചരിക്കുമ്പോൾ സർപ്പദംശനത്തിൽ നിന്നും രക്ഷപ്പെടുവാൻ മോസസ് ഒരുക്കിയ പരിഹാരമാണ് പാമ്പിന്റെ പിച്ചളകൊണ്ടുള്ള രൂപം പാളയത്തിന്റെ നടുക്ക് നാട്ടുകയും അതിൽ നിന്നും ശക്തി സ്വീകരിക്കുകയും ചെയ്യുക എന്നത്. അതിലൂടെ സർപ്പത്തിന്റെ അടിസ്ഥാന സ്വഭാവം പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു. പരമ്പരാഗത സംസ്കാരങ്ങളിൽ പാമ്പ് ഉർവരതയുടെയും ലൈംഗികതയുടെയും ഔഷധത്തിന്റെയും പ്രതീകമായിരുന്നു. എന്നാൽ പിൽക്കാലത്ത് അത് അപകടകാരിയായ ജീവിയായും മരണത്തിന്റെ പ്രതീകമായും വ്യാഖ്യാനിക്കപ്പെട്ടു. പാശ്ചാത്യ ക്രൈസ്തവ സമൂഹം അതിനെ പിശാചിന്റെ രൂപമായി അവതരിപ്പിച്ചു. എന്നാൽ യേശു ഉദ്ധരിക്കുന്ന കഥയുടെ പശ്ചാത്തലത്തിൽ പാമ്പ് ജീവന്റെ പ്രതീകമായി പുനഃസ്ഥാപിക്കപ്പെടുകയാണ്.
പാമ്പ് മറ്റേതൊരു ജീവിയെയും പോലെ ഈ പ്രകൃതിയിലെ പാരസ്പര്യത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിലെ ഒരു വസ്തുവും പ്രതിഭാസവും അതിന്റെ സ്വാഭാവിക ഭാവത്തിൽനിന്നും വ്യതിചലിക്കപ്പെട്ട് വികൃതമാക്കപ്പെട്ടുകൂടാത്തതാണ്. അങ്ങനെ സംഭവിച്ചാൽ പാമ്പിന്റെയും കുരിശിന്റെയും കാര്യത്തിൽ എന്നതുപോലെ ഒരു പുനഃസ്ഥാപനം ഉണ്ടായേ മതിയാകൂ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കഷ്ടാനുഭവ വാരത്തിന് സമരത്തിന്റെ തീവ്രതയിലൂടെ, അതിന്റെ ദുരിതാനുഭവത്തിലൂടെ നേടുന്ന സ്വാഭാവികതയുടെ, സ്വയത്തിൽ നിന്നും ഇതരനിൽ നിന്നുമുള്ള അന്യവൽക്കരണത്തിൽ നിന്നും നേടിയ മോചനത്തിന്റെ പ്രാതിനിധ്യമാണുള്ളത്. ഇത് കുരിശിന്റെ സ്വാഭാവിക ഭാവത്തിലേക്കുള്ള തിരിച്ചുവരവിലൂടെ പ്രതിനിധീകരിക്കപ്പെടുന്നു. സമാനമായ പ്രതീകങ്ങൾ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും സമൂഹങ്ങളിലും ഉണ്ടാകും, നമ്മുടെ രാജ്യത്തും ഉണ്ടാകണം. ഈ പശ്ചാത്തലത്തിലാണ് നമുക്ക് നമ്മുടെ നാടിന്റെ അവസ്ഥയെക്കുറിച്ച് പരാമർശിക്കേണ്ടിവരുന്നത്. രാജ്യം 1947ന് മുമ്പ് വിവിധ രാജഭരണത്തിൻ കീഴിലെ അനേക ചെറു രാജ്യങ്ങളായിരുന്നു. ഇവിടെ നിലനിന്ന വിദേശാടിമത്തത്തെ 1947 ഓഗസ്റ്റ് 15ന് ഒഴിവാക്കി, 1950 ജനുവരി 26ന് സ്വതന്ത്ര പരമാധികാര മതനിരപേക്ഷ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. ഈ രാജ്യം ചില അടിസ്ഥാന സ്വഭാവങ്ങൾ അതിന്റെ വ്യക്തിത്വത്തിന്റെ അടയാളമായി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ രാജ്യത്തെ ഭരണവർഗം അതിനെയെല്ലാം വ്യതിചലിപ്പിച്ച് ഒരു ഏകാധിപത്യ, മതാധിപത്യ, അസ്വതന്ത്ര, കോർപറേറ്റ് സൗഹൃദ രാജ്യമാക്കാൻ പരിശ്രമിക്കുകയാണ്. പലകാരണങ്ങളാൽ അതിൽ അവർ വിജയിക്കുന്നതായിട്ടാണ് കാണുന്നത്. ഈ പ്രവണതയെ തടഞ്ഞേ മതിയാകൂ. ഈ രാജ്യത്തിന്റെ സ്വാഭാവികതയെ നാം വീണ്ടെടുത്തേ മതിയാകൂ. അതിനുള്ള സമരത്തിന്റെ, പ്രതികരണത്തിന്റെ ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. അതിനുള്ള ഊർജം ഈ കാലത്ത് നമുക്കുണ്ടാകട്ടെ എന്നാണാശംസ.
English Sammury: Dr.Yuhanon mar Milithios Metropolitan’s Columns, Restored characters and those to be restored
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.