15 December 2025, Monday

ലാപ്‌ടോപ്പു്, പിസി, ടാബ്‌ലെറ്റ് ഇറക്കുമതിക്ക് നിയന്ത്രണം

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2023 9:25 pm

ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, അള്‍ട്രാ-സ്മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ‌്ടി) ഇത് സംബന്ധിച്ച് അടിയന്തരപ്രാബല്യത്തോടെ വിജ്ഞാപനം പുറത്തിറക്കി. ഇത് രാജ്യത്തെ ഇലക്ട്രോണിക്സ് നിര്‍മ്മാണ രംഗത്തിന് കരുത്തുപകരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

സാധുതയുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കുകയുള്ളു. പെട്രോളിയം ഉല്പന്നങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതി വിഭാഗമാണ് ഇലക്ട്രോണിക് സാധനങ്ങള്‍. ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി രാജ്യത്തിന്റെ വാർഷിക ഇറക്കുമതിയുടെ 1.5 ശതമാനം വരും. വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിനും നിയന്ത്രണമില്ല.

ഓണ്‍ലൈനായി വാങ്ങുന്ന ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്നിവ ഇറക്കുമതി ചെയ്യാനും അനുവദിക്കും. ബാഗേജ് ചട്ടങ്ങള്‍ക്ക് കീഴിലുള്ള ഇറക്കുമതിക്കും നിയന്ത്രണങ്ങള്‍ ബാധകമാകില്ല. ചൈനയില്‍ നിര്‍മ്മിച്ച്‌ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിക്കുന്നതാണ് നിലവിലെ മേക്ക് ഇന്‍ ഇന്ത്യ രീതി. ഇതിന് മാറ്റം വരുത്തി നിര്‍മ്മാണം ഇന്ത്യയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നതിനാണ് പുതിയ നീക്കം. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഇറക്കുമതി ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 6.3 ശതമാനം ഉയര്‍ന്ന് 1,62,000 കോടി രൂപയിലെത്തിയിരുന്നു.

Eng­lish Sum­ma­ry: Restric­tion on import of Lap­top, PC and Tablet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.