1 January 2026, Thursday

Related news

January 1, 2026
January 1, 2026
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025

പാര്‍ട്ട്ടൈം ജോലിയിലെ നിയന്ത്രണം; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

ബേബി ആലുവ
കൊച്ചി
May 5, 2024 10:13 pm

കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ പാർട്ട് ടൈം ജോലി സമയത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ലക്ഷക്കണക്കായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ജോലി സമയം കുറച്ചത് വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണെന്ന് കാനഡ സർക്കാർ പറയുന്നുണ്ടെങ്കിലും ഇന്ത്യ- കാനഡ ബന്ധം വഷളായതുമായി നടപടിക്ക് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നു.
കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിലേർപ്പെട്ടിരിക്കുന്ന വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഭാരിച്ച താമസ-ഭക്ഷണ ചെലവുകളും ഇതര ചെലവുകളും മറ്റും താങ്ങാനാവാത്തതായതിനാൽ വിദ്യാർത്ഥികൾക്ക് ആശ്വാസം പഠിത്തത്തിനിടയ്ക്കുള്ള പാർട്ട്ടൈം ജോലിയാണ്. 

നിലവിലുണ്ടായിരുന്ന ആഴ്ചതോറുമുള്ള 40 മണിക്കൂർ ജോലി സമയം സെപ്റ്റംബർ മുതൽ 24 മണിക്കൂറായാണ് കുറവ് ചെയ്തിരിക്കുന്നത്. അനുദിനമെന്നോണം കുതിച്ചു കയറുന്ന ചെലവുകൾക്കിടയിൽ കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിലുണ്ടാകുന്ന കുറവ് വിദ്യാർത്ഥികളുടെ ജീവിതഭാരം വർധിപ്പിക്കും. കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷണൽ എജ്യുക്കേഷന്റെ 2022ലെ കണക്ക് പ്രകാരം 3,19,130 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിലുള്ളത്. ഒരു വിദ്യാർത്ഥിക്ക് 30–35 ലക്ഷം രൂപയോളമാണ് രണ്ട് വർഷത്തെ ഉന്നത പഠനത്തിനായി വേണ്ടി വരുന്നത്. വിദ്യാഭ്യാസത്തോടൊപ്പം പാർട്ട്ടൈം ജോലി കൂടിയാകുമ്പോൾ ജീവിതച്ചെലവുമായി ഒത്തുപോകുമായിരുന്നു. 

മെച്ചപ്പെട്ട തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചാണ് ഉന്നത പഠനത്തിനായി കാനഡയിലേക്ക് വിദ്യാർത്ഥികൾ പോകുന്നത്. തദ്ദേശീയരായ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്നതിനെതിക്കാൾ മൂന്നര ഇരട്ടിയാണ് വിദേശ വിദ്യാർത്ഥികളിൽ നിന്ന് വസൂലാക്കുന്ന കോളജ് — ട്യൂഷൻ ഫീസുകൾ. വിദേശ വിദ്യാർത്ഥികളുടെ മൊത്തം വാർഷികച്ചെലവിന്റെ പ്രധാന ഭാഗം ഈ ഇനത്തിലാണ്. ഫീസ് ഇനത്തിലെ മുഖ്യപങ്കും വിദേശ വിദ്യാർത്ഥികളിൽ നിന്നാണ്. എന്നാൽ, തൊഴിലവസരങ്ങൾ കുറയുന്നു ജീവിതച്ചെലവ് കൂടുന്നു എന്നതാണ് ഇപ്പോൾ കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെയും വിദ്യാഭ്യാസം പൂർത്തിയാക്കിയവരും നേരിടുന്ന പ്രധാന പ്രശ്നം. തൊഴിൽ സാധ്യത കുറയുന്നതു മൂലം മെഡിക്കൽ ബിരുദമുള്ളവർപോലും ചെറിയ തൊഴിലുകളിലേക്ക് തിരിയുന്നു എന്നാണ് റിപ്പോർട്ടുകൾ.
തൊഴിലവസരങ്ങളുടെ കാര്യത്തിൽ അനുഭവപ്പെടുന്ന ദൗർലഭ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ കടുത്തതാകുമോ എന്നാണ് വിദ്യാർത്ഥികളുടെ ഉത്കണ്ഠ. 

Eng­lish Summary:restriction on part-time work; Indi­an stu­dents in Cana­da are worried

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.