
സമൂഹത്തിൻ്റെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സിനിമകൾക്ക് ഇന്ത്യയിലെ റെഗുലേറ്ററി ബോഡികളിൽ നിന്ന് തടസ്സങ്ങൾ നേരിടേണ്ടിവരുന്നു, എന്നാൽ അശ്ലീലത നിറഞ്ഞ സിനിമകൾക്ക് എളുപ്പത്തിൽ അനുമതി ലഭിക്കുന്നു എന്നതിൽ തനിക്ക് നിരാശയുണ്ടെന്ന് പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ വ്യക്തമാക്കി. അനന്തരംഗ് മാനസികാരോഗ്യ സാംസ്കാരിക സമ്മേളനത്തിൻ്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സിനിമകൾ യാഥാർത്ഥ്യം ചിത്രീകരിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അക്തർ അഭിപ്രായപ്പെട്ടു.
സിനിമകളിൽ അതിയായി ചിത്രീകരിക്കുന്ന ‘ഹൈപ്പർ‑മാസ്കുലിനിറ്റി’ (അമിത പുരുഷാധിപത്യം) മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിച്ച അക്തർ, അത്തരം സിനിമകളുടെ ജനപ്രീതിക്ക് കാരണം സാമൂഹിക അംഗീകാരമാണ് എന്നും കൂട്ടിച്ചേർത്തു. “പുരുഷന്മാരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടാൽ അത്തരം സിനിമകൾ നിർമ്മിക്കപ്പെടില്ല. ഇനി നിർമ്മിച്ചാൽ പോലും അത് വിജയിക്കില്ല,” അദ്ദേഹം പറഞ്ഞു. “മതവിശ്വാസികൾ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ദൈവത്തെ പഴി പറയാറില്ല. അതുപോലെ സിനിമാ ലോകത്ത് പ്രേക്ഷകരാണ് ദൈവം. മോശം സിനിമകളെ വിജയിപ്പിക്കുന്നത് മോശം പ്രേക്ഷകരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെ “അശ്ലീല” ഗാനങ്ങളുടെ വർദ്ധനവിൽ അക്തർ അതൃപ്തി രേഖപ്പെടുത്തി. തൻ്റെ മൂല്യങ്ങൾക്ക് അനുസരിച്ചല്ലാത്തതിനാൽ അത്തരം ഗാനങ്ങൾ റെക്കോർഡ് ചെയ്യാനുള്ള നിരവധി അവസരങ്ങൾ താൻ നിരസിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
“ ‘ചോളി കെ പീച്ചെ ക്യാ ഹേ’ എന്ന ഗാനം കേട്ട്, എട്ടുവയസ്സുള്ള തങ്ങളുടെ മകൾ ആ പാട്ടിന് നന്നായി നൃത്തം ചെയ്യുമെന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളെ ഞാൻ കേട്ടിട്ടുണ്ട്. സമൂഹത്തിൻ്റെ മൂല്യങ്ങൾ ഇതാണെങ്കിൽ, ഇവിടെ നിർമ്മിക്കപ്പെടുന്ന സിനിമകളിൽ നിന്നും പാട്ടുകളിൽ നിന്നും നിങ്ങൾ എന്ത് പ്രതീക്ഷിക്കാനാണ്? സമൂഹമാണ് ഉത്തരവാദി, സിനിമ അതിൻ്റെ പ്രതിഫലനം മാത്രമാണ്,” ജാവേദ് അക്തർ പറഞ്ഞു. നിലവിലെ പ്രവണതകൾക്കിടയിൽ, അടുത്തിടെ പുറത്തിറങ്ങിയ “സയ്യാറ” എന്ന സിനിമയുടെ സംഗീതത്തെയും അതിൻ്റെ ഗൃഹാതുരമായ ആകർഷണീയതയെയും അക്തർ പ്രശംസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.