”ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാരും വലിയ സഹായമാണ് ചെയ്തത്. മരണമുഖത്തുനിന്ന് ഉറ്റവരുടെ അടുത്തെത്തിയെങ്കിലും ഒട്ടും സന്തോഷിക്കാനാവുന്നില്ല, എത്രയോ കൂട്ടുകാര്‍ ഇപ്പോഴും അവിടെയാണ്. ബങ്കറുകളിലും റയില്‍വേ സ്റ്റേഷനിലും, മെട്രോ സ്റ്റേഷനിലുമൊക്കെയായാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. ഭക്ഷണവും വെള്ളവും കിട്ടാനില്ല. എത്രയും പെട്ടെന്ന് അവരെ തിരിച്ചെത്തിക്കാന്‍ സംസ്ഥാന‑കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടണം.” ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്നലെ ഉക്രെയ്‌നില്‍ നിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി സ്വദേശികളും ബന്ധുക്കളുമായ സനയും, അമര്‍ അലി പരപ്പാരയും അനുഭവങ്ങള്‍ പങ്കുവച്ചു.
അതിര്‍ത്തികള്‍ പലായനം ചെയ്യുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഉക്രെയ്‌നില്‍ യുദ്ധം രൂക്ഷമാണ്. ഗതാഗത മാര്‍ഗങ്ങളെല്ലാം ഏറെക്കുറെ താറുമാറായി. ഇനിയുള്ള രക്ഷാദൗത്യം വളരെ ശ്രമകരമാകും. എന്താണ് സംഭവിക്കുക എന്ന് ആലോചിക്കാന്‍ പോലും കഴിയുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പടിഞ്ഞാറെ ഉക്രെയ്‌നിലെ ചേന്‍വിസ്‌കിയിലെ ബോക്കോവിയന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. റൊമേനിയന്‍ അതിര്‍ത്തിയിലായതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ പ്രയാസമുണ്ടായില്ല. യുദ്ധം ഉണ്ടാവില്ലെന്നാണ് അവസാനനിമിഷം വരെ കരുതിയത്. ഉക്രെയ്ന്‍കാരായ സുഹൃത്തുക്കള്‍ ഒരിക്കലും റഷ്യയുമായി യുദ്ധം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നു. ഒട്ടേറെ ഉക്രെയിനികളുടെ കുടുംബങ്ങളും ബന്ധുക്കളും റഷ്യയിലുണ്ട്. ഇരുരാജ്യങ്ങളിലെയും ജനതകള്‍ തമ്മില്‍ രക്തത്തിലലിഞ്ഞ ആത്മബന്ധങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ എന്തൊക്കെ അഭിപ്രായഭിന്നത ഉണ്ടായാലും ഒരിക്കലും റഷ്യ ആക്രമണത്തിനു മുതിരില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഉക്രെയ്ന്‍ ജനത. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അവരെ ദുരിതത്തിലാക്കി. പുരുഷന്‍മാര്‍ക്ക് രാജ്യം വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ജനങ്ങളോട് യുദ്ധമുഖത്തേക്ക് സധൈര്യം ഇറങ്ങാനാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സുന്ദരമായ ഉക്രെയ്ന്‍ എന്നെന്നേക്കുമായി നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. വേദനയോടെ അമറും സനയും പറഞ്ഞു.
കോട്ടക്കല്‍ കറുകത്താണി സ്വദേശിനി തന്‍സീഹ സുല്‍ത്താന, കോട്ടയ്ക്കല്‍ കോഴിച്ചെന്ന സ്വദേശിനി ഫാത്തിമ കുലൂദ എന്നീ വിദ്യാര്‍ത്ഥികളും ഉക്രെയ്‌നില്‍ നിന്നും ഇന്നലെ ഉച്ചയോടെ മുംബൈയില്‍ എത്തി അവിടെ നിന്നും കരിപ്പൂരിലെത്തിയിട്ടുണ്ട്. ഇവരെ മലപ്പുറം ജില്ലാ ഭരണകൂടവും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഉക്രെയ്‌നിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കൂട്ടുകാര്‍ വിളിക്കുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തങ്ങളുടെ കാര്യം പറയണമെന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കണമെന്നും പറഞ്ഞ് അവര്‍ കരയുകയാണ്. കഴിയുന്നതിന്റെ പരമാവധി ശ്രമിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
English Summary: Returning from the face of death but unable to rejoice
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.