
പ്രണയം നിരസിച്ചതിൻ്റെ പക വീട്ടാൻ യുവാവിനെ കേസിൽ കുടുക്കുന്നതിനായി 11 സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി ഇ‑മെയിലുകൾ അയച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റെനി ജോഷിൽഡ എന്ന യുവതിയാണ് ബംഗളൂരു പൊലീസിൻ്റെ പിടിയിലായത്. ബംഗളൂരു നഗരത്തിലെ നിരവധി സ്കൂളുകൾക്ക് അടുത്തിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണി ഇ‑മെയിലുകൾക്ക് പിന്നിൽ റെനി ആണെന്ന് പൊലീസ് കണ്ടെത്തി. റെനിയെ ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ഇവരെ ബോഡി വാറണ്ടിൽ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
റെനി ജോഷിൽഡയ്ക്ക് ഒരു യുവാവിനോട് അടുപ്പം തോന്നുകയും എന്നാൽ യുവാവ് പ്രണയം നിരാകരിച്ച് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതിൻ്റെ നിരാശയിലും വൈരാഗ്യത്തിലുമാണ് റെനി, യുവാവിനെ കുടുക്കാനായി വ്യാജ ഇ‑മെയിൽ ബോംബ് ഭീഷണി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകൾക്കും അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിനും വരെ ഇവർ വ്യാജ ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. “ഗുജറാത്ത് വിമാനാപകടം പോലെ നിങ്ങളുടെ സ്കൂളുകൾ തകർക്കും” എന്നായിരുന്നു റെനി ഭീഷണി ഇ‑മെയിലുകളിൽ മുന്നറിയിപ്പ് നൽകിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.