
നവംബർ ഒന്ന് മുതൽ കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കുമെന്ന് റവന്യൂ — ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിച്ചിട്ടുള്ള എല്ലാ വില്ലേജുകളിലും നവംബർ ഒന്ന് മുതൽ റവന്യൂ കാർഡ് ലഭ്യമാക്കും. ക്യു ആർ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പറുള്ള കാർഡ് വഴി വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകേണ്ട ഭൂമിയുടെ വിവരങ്ങൾ, കെട്ടിടത്തിന്റെ വിശദാംശങ്ങൾ, ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ വില്ലേജുകളും സ്മാർട്ട് ആക്കുക, എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ കടക്കുന്നതന്നും ഇതിനോടകം തന്നെ കേരളത്തിലെ 37 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി. . സേവനങ്ങൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾ മുഖേന നൽകുന്ന 23 സേവനങ്ങളിൽ 21നും ഓൺലൈൻ വഴി അപേക്ഷ നൽകാനും സേവനം ലഭ്യമാക്കാനുമുള്ള ഉള്ള സൗകര്യം ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ രാജ്യം ആകാംക്ഷയോടെയാണ് നോക്കുന്നത്. ഡിജിറ്റൽ റിസർവ്വേയുടെ ഭാഗമായി ജൂൺ 25 മുതൽ 28 വരെ സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലെവിലേക്ക് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിവേഗത്തിൽ കാര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വിഭാഗം നടപ്പിലാക്കുന്ന പദ്ധതി വളരെ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇ ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷൈജമ്മ ബെന്നി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ സി വി സുഗേഷ് കുമാർ, കെ കുമാരൻ, മനോജ് തോമസ്, എസ് കെ ചന്ദ്രൻ, രാഘവൻ കൂലേരി, പി ടി നന്ദകുമാർ എന്നിവർ പങ്കെടുത്തു. കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസർ ലിപു എസ്. ലോറൻസ് സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ പി വി മുരളി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.