മൂന്നാർ ചിന്നക്കനാലിൽ തച്ചങ്കരി എസ്റ്റേറ്റ്സ് ആന്റ് റിസോർട്സ് എന്ന സ്ഥാപനം അനധികൃതമായി കൈവശം വച്ചിരുന്ന 82 സെന്റ് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. ജില്ലാ കളക്‌ടറുടെ നിർദേശത്തെ തുടർന്നാണ് ഭൂമി ഏറ്റെടുത്തത്. കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ടിസൻ ജെ തച്ചങ്കരിക്ക് സാധിക്കാത്തതിനെ തുടർന്നാണ് റവന്യു വകുപ്പിന്റെ നടപടി.
2007 ലാണ് ഇവിടെ പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും ഏലം കുത്തക പാട്ട ഭൂമിയിൽ ചട്ടം ലംഘിച്ച് ടൂറിസം ആവശ്യങ്ങൾക്ക് കെട്ടിടം നിർമിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് കണ്ടെത്തിയത്. തുടർന്ന് ഭൂമി ഏറ്റെടുക്കാൻ 2007 ജൂൺ 19 ന് കലക്ടർ ഉത്തരവിട്ടെങ്കിലും കമ്പനി ഡയറക്ടറായ ടിസൻ ജെ തച്ചങ്കരി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 2013 ജനുവരിയിൽ ഭൂമി ഏറ്റെടുക്കുന്നതിൽ കലക്ടർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് ചോദ്യം ചെയ്യുന്നതിന് രണ്ടാഴ്ച സമയം നൽകണമെന്നും കോടതി നിർദേശിച്ചു. ഇത് പ്രകാരം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹിയറിങ് നടത്തി. തുടർന്ന് നടത്തിയ സ്ഥലപരിശോധനയിൽ കൈവശ ഭൂമിയുടെ സർവെ നമ്പർ, വിസ്തീർണം എന്നിവയിൽ വ്യത്യാസം കണ്ടെത്തിയത്.
സർവെ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിലും രേഖകളിൽ ഉള്ളതിനേക്കാൾ സ്ഥലം ഉടമകൾ കൈവശം വച്ചിരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ ഹിയറിങ്ങിൽ ടിസൻ ജെ തച്ചങ്കരി ഹാജരാക്കിയ രേഖകൾ പ്രകാരവും കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഭൂമിയേറ്റെടുക്കാൻ റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്.
റിസോർട്ടിന് പുറകിലുള്ള 80 സെന്റ് സ്ഥലമാണ് കൈവശം വച്ചിരുന്നത്.
English Sammury: revenue department has recovered the government land encroached by Thachankari Estates in Chinnakanal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.