23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

പകൽ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ വിസ്മയം

കെ കെ ജയേഷ്
January 29, 2023 9:06 am

പകൽ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ വിരിയുന്ന വിസ്മയമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്കം.’ ചെറുകഥ വായിക്കുന്നതുപോലെ ആസ്വദിക്കാവുന്ന ചലച്ചിത്രാനുഭവം. വ്യാഖ്യാന സാധ്യതകളിലേക്ക് ഒരുപാട് വാതിലുകൾ തുറന്നുവെച്ചാണ് ലിജോ കഥ പറയുന്നത്. ചോദ്യങ്ങൾ പിറക്കുന്നത് പ്രേക്ഷക മനസിലാണ്. ഉത്തരങ്ങൾ തേടേണ്ടതും പ്രേക്ഷകർ തന്നെയാണ്.
ചുട്ടുപൊള്ളുന്ന വേനലിൽ തമിഴ് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയാണ് വേളാങ്കണ്ണി സന്ദർശിച്ച് മടങ്ങുന്ന തീർത്ഥാടക സംഘം. ഒരു മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് വണ്ടിയിൽ നിന്നിറങ്ങി ഗ്രാമത്തിലെ പാടവരമ്പിലൂടെ ജെയിംസ് നടന്നുപോവുകയാണ്. വലിയൊരു ആൽമരത്തിനടുത്തൂടെ… കൊച്ചു കൊച്ചുവീടുകൾക്കിടയിലെ കുഞ്ഞ് വഴികളിലടെ ചിരപരിചിതനെപ്പോലെ ജെയിംസ് നടന്നുകയറിയത് സുന്ദരം എന്ന തമിഴ്‌നാട്ടുകാരനിലേക്കാണ്. ഒരു കൊച്ചുവീട്ടിലെത്തിയ അയാൾ പശുവിന് പുല്ലിട്ടുകൊടുക്കുന്നു. മുറ്റത്ത് വാലാട്ടി നിന്ന നായയോട് സ്നേഹത്തോടെ തലയാട്ടുന്നു. തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അയലിൽ കിടന്ന ലുങ്കി എടുത്തുടുത്ത് അയാൾ സുന്ദരമായി മാറുന്നു. ഉച്ച മയക്കത്തിൽ നിന്ന് ഞെട്ടിയുണരുന്ന സുന്ദരത്തിന്റെ ഭാര്യയെ അയാൾ പൂങ്കുഴലി എന്ന് വിളിക്കുമ്പോൾ താനിപ്പോഴും സ്വപ്നത്തിന്റെ ആഴത്തിലാണോ എന്ന സംശയത്തോടെ അവൾ പകച്ചു നിൽക്കുന്നു. 

വേളാങ്കണ്ണിയിൽ നിന്ന് നാടക വണ്ടിയിലാണ് ജെയിംസും സംഘവും നാട്ടിലേക്ക് മടങ്ങുന്നത്. സാരഥി തിയേറ്റേഴ്സ് എന്ന നാടക ട്രൂപ്പിന്റെ വണ്ടി. വണ്ടിയ്ക്ക് പിന്നിൽ ഒരിടത്ത് എന്ന നാടകത്തിന്റെ ബോർഡുണ്ട്. യാത്രക്കിടയിൽ വണ്ടിയിൽ തമിഴ് പാട്ടുകൾ വയ്ക്കുമ്പോൾ നല്ല മലയാളം പാട്ടുകൾ ഇല്ലേ എന്നാണ് ജെയിംസ് ചോദിക്കുന്നത്. തനിക്ക് തമിഴ് ഭക്ഷണമൊന്നും ഇഷ്ടമില്ലെന്ന് അയാൾ പറയുന്നുണ്ട്. ഈ മനുഷ്യനാണ് വണ്ടിയിൽ നിന്നിറങ്ങി രണ്ട് വർഷം മുമ്പ് കാണാതായ സുന്ദരം എന്ന തമിഴ് നാട്ടുകാരനാവുന്നത്. ഭർത്താവിന്റെ തിരോധാനത്തിൽ മനംനൊന്ത് കഴിയുന്ന ഭാര്യയ്ക്കും മകൾക്കും മാതാപിതാക്കൾക്കും മുമ്പിൽ ജെയിംസ് സുന്ദരമായി പുനരവതരിക്കുന്നു.
സംസാരവും പെരുമാറ്റവും എന്തിന് വസ്ത്രധാരണം പോലും സുന്ദരത്തെപ്പോലെ. അയാൾ ഉറക്കെ സംസാരിക്കുന്നു. കഴിഞ്ഞ സംഭവങ്ങൾ ഓർത്തെടുത്ത് പറയുന്നു. എല്ലാവരെയും പേരെടുത്ത് വിളിക്കുന്നു… പാടുന്നു… ആടുന്നു. തമിഴ് സിനിമാ ഡയലോഗുകൾ ഉച്ചത്തിൽ പറയുന്നു. അയാളെ തിരഞ്ഞെത്തുന്ന ഭാര്യയെയും മകനെപ്പോലും അയാൾക്ക് ഓർമ്മയില്ല. ശരിക്കും ജെയിംസ് സുന്ദരമായി മാറിക്കഴിഞ്ഞിരുന്നു. ഈ പരകായ പ്രവേശം കണ്ട് കണ്ട് അമ്പരന്ന് നിൽക്കുകയാണ് ജെയിംസിന്റെയും സുന്ദരത്തിന്റെയും ഭാര്യമാർ.
ജെയിംസിനൊപ്പം സ്വപനമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാതെ പ്രേക്ഷകരും ആ തമിഴ് ഗ്രാമത്തിൽ കുടുങ്ങിക്കിടക്കുന്നു. ഭാരതീരാജയുടെയും മറ്റും സിനിമകളിൽ കണ്ട ഒരു തമിഴ് ഗ്രാമം. ടി വിയിൽ നിന്നുയരുന്ന തമിഴ് പാട്ടുകൾ… നാടകീയമായ പഴയകാല സിനിമകളിലെ രംഗങ്ങൾ… ചോളപ്പാടങ്ങളും ഒറ്റപ്പെട്ട മരങ്ങളും ശബ്ദമുഖരിതമായ ചെറിയ ബ്രാണ്ടിക്കടകളും അമ്പലങ്ങളുമെല്ലാം നിറഞ്ഞ ആ ഗ്രാമത്തിൽ സുന്ദരം എന്ന ഗ്രാമീണനായി പകർന്നാടുന്ന ജെയിംസിനൊപ്പം ഉറങ്ങിയും ഉണർന്നും വിസ്മയിച്ചും നിൽക്കുകയാണ് പ്രേക്ഷകർ. 

പശ്ചാത്തല സംഗീതമില്ല നൻപകൽ നേരത്ത് മയക്കത്തിന്. പകരം കണ്ണദാസനും വാലിയുമെല്ലാം എഴുതിയ വരികൾ. ഇളയരാജയുടെയും മറ്റും സംഗീതം. എസ്പിബിയുടെ ഉൾപ്പെടെ മധുരമാർന്ന ആലാപനം. കഥാപശ്ചാത്തലത്തിനനുസരിച്ച് തമിഴ് പാട്ടുകളും ഭക്തിഗാനങ്ങളും സംഭാഷണങ്ങളും ചേർത്തുവെച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി കഥ പറയുന്നത്. വീട്ടിലെ ടെലിവിഷനും റേഡിയോയും ബസിൽ നിന്നും അമ്പലത്തിലെ മൈക്കിൽ നിന്നുയരുന്ന ഗാനങ്ങളുമെല്ലാം സിനിമയിലെ വൈകാരിക തലങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നു. ഉറക്കം മരണം തന്നെയാണ്, ഉറക്കത്തിൽ നിന്നുള്ള ഉണർവ് ജീവതവുമാണ് എന്ന തിരുക്കുറൾ വാചകത്തിലാണ് സിനിമയുടെ തുടക്കം. ഇതേ വഴി പലരും പോയിട്ടുണ്ട്. അവരിൽ പലരും ചത്തുപോയെന്ന് ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. നീയുള്ളിടത്ത് നിന്നും വേറെ എവിടെയോ നിന്നെ തേടുന്നുവെന്നുൾപ്പെടെ ഫിലോസഫിക്കലായ പാട്ടുകൾ ശാന്തമായി ഒഴുകിപ്പടരുന്നുണ്ട്.
ലിജോയുടെ മുൻകാല സിനിമകൾ പോലെ അക്രമാസക്തരായ മനുഷ്യർ ഇവിടെയില്ല.. വയലൻസിന്റെ അതിപ്രസരമില്ല.. അലർച്ചയും തെറിവിളുകളുമില്ല. കുതറിയോടുന്ന പോത്തിന് പിന്നാലെ കുതിച്ച് സഞ്ചരിക്കുന്ന ക്യാമറാക്കാഴ്ചകളില്ല. ഇവിടെ എല്ലാം ശാന്തമാണ്. കലഹങ്ങളില്ലാതെ, ആക്രോശങ്ങളില്ലാതെ അവർ അവരുടെ ലോകത്ത് ജീവിക്കുന്നു. പകൽ നേരത്തെ ഇളം കാറ്റിൽ തലചായ്ച്ചുറങ്ങുന്ന മനുഷ്യർ. കറുത്ത കണ്ണട ധരിച്ച് എപ്പോഴും ടിവിയിൽ നോക്കിയിരിക്കുന്ന അമ്മ. കാറ്റിനൊപ്പം തലയാട്ടുന്ന ആൽമരം. ശാന്തമായി ഒരു ദേശജീവിതം പകർത്തുകയാണ് തേനി ഈശ്വറിന്റെ വിസ്മയിപ്പിക്കുന്ന ക്യാമറാക്കാഴ്ചകൾ. എസ് ഹരീഷിന്റെ സുന്ദരമായ എഴുത്ത്. ലിജോയുടെ സംവിധാന മികവ്. തികച്ചും ധ്യാനാത്മകമാണ് നൻപകലിലെ കാഴ്ചകൾ.
ജെയിംസ് എങ്ങനെ സുന്ദരമായെന്ന് സിനിമ പറയുന്നില്ല. എന്നാൽ ജെയിംസിൽ നിന്ന് സുന്ദരത്തിലേക്ക് മാറുന്ന മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് അസാധാരണം എന്ന് തന്നെ പറയണം. അശോകൻ, രാജേഷ് ശർമ്മ, വിപിൻ ആറ്റ്ലി, പൂ രാമു തുടങ്ങി ചിത്രത്തിൽ വേഷമിട്ട സാധാരണക്കാർ പോലും സ്വാഭാവികമായ വേഷപ്പകർച്ച കൊണ്ട് ചിത്രത്തെ സമ്പന്നമാക്കുന്നു. 

ഒരുച്ചമയക്കത്തിൽ ജെയിംസ് അവ്യക്തമായി സ്വപ്നത്തിൽ സുന്ദരത്തെ കാണുന്നുണ്ട്. നിശബ്ദമായ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉറക്കമുണരുന്ന അയാൾ ജെയിംസായി തന്റെ പ്രിയപ്പെട്ടവർക്കൊപ്പം യാത്ര തുടരുകയാണ്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അയാൾ പലർക്കും ഏറെ പ്രിയപ്പെട്ടവനായി മാറിയിരുന്നു. അവരെല്ലാം വേദനയോടെ അയാളുടെ മടക്കം നോക്കി നിൽക്കുന്നു. സ്വപ്നത്തിൽ സുന്ദറിനൊപ്പം സ‍ഞ്ചരിച്ച ജെയിംസ് ജീവിതത്തിലേക്ക് ഉണരുന്നുവെന്ന് ചിന്തിക്കുമ്പോൾ, നാടക വണ്ടിക്ക് പിന്നാലെ സുന്ദരത്തിന് പ്രിയപ്പെട്ട് നായ ഓടിപ്പോകുമ്പോൾ പ്രേക്ഷകർ വീണ്ടും പുതിയ ഉത്തരങ്ങൾ തേടേണ്ടിവരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.