11 February 2026, Wednesday

വയോജന നയം പരിഷ്കരിച്ചു; മുതിർന്ന പൗരന്മാരുടെ അന്തസും ക്ഷേമവും ഉറപ്പാക്കുന്ന പദ്ധതികള്‍

സ്വന്തം ലേഖിക
തിരുവനന്തപുരം
February 11, 2026 8:46 pm

മുതിർന്ന പൗരന്മാരുടെ അന്തസും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുന്ന പദ്ധതികളും നിര്‍ദേശങ്ങളുമായി പരിഷ്കരിച്ച വയോജന നയത്തിന് സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. സഹകരണ മനോഭാവമുള്ള, ഉത്തരവാദിത്തബോധമുള്ള സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ, ഒരു മുതിർന്ന വ്യക്തിപോലും അവഗണിക്കപ്പെടാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യതയുള്ളതുമായ വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സജീവവും ആരോഗ്യകരവുമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുക, അതുവഴി വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുക, സംയോജിത പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ സാമൂഹികവും തലമുറകൾ തമ്മിലുള്ളതുമായ ഐക്യദാർഢ്യം ഉറപ്പാക്കുക, തുല്യത, ഉൾച്ചേർക്കൽ, നീതി എന്നിവ ശക്തിപ്പെടുത്തുക, ഉത്തരവാദിത്തമുള്ള, പരിവർത്തനക്ഷമമായ ഭരണസംവിധാനം ഉറപ്പാക്കുക, ഭരണചട്ടക്കൂടുകളുടെ മുഖ്യധാരയിലേക്ക് വാർധക്യത്തെ കൊണ്ടുവരൽ എന്നിവയാണ് പുതിയ വയോജന നയം മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.
ആജീവനാന്ത (ലൈഫ് കോഴ്സ്) സമീപനം, ആത്മസാക്ഷാത്കാരവും ആജീവനാന്ത പഠനവും പ്രോത്സാഹിപ്പിക്കൽ, ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തല്‍, സാമൂഹ്യക്ഷേമ പെൻഷനുകളും താങ്ങാവുന്ന ചെലവിലുള്ള ഇൻഷുറൻസ് പദ്ധതികളും സാർവത്രികമായി ലഭ്യമാക്കുന്നതടക്കം മുതിർന്ന പൗരരുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയും പുതിയ നയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. പാർശ്വവത്കരിച്ച ജനവിഭാഗങ്ങളിൽപ്പെട്ട വയോജനങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ പരിഹരിച്ച്, വയോജന പരിചരണത്തിൽ തുല്യതയും ഉൾച്ചേർക്കലും ഉറപ്പാക്കും. ഇതിലൂടെ തുല്യത, ഉൾച്ചേർക്കൽ, ലിംഗസമത്വം എന്നിവയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ, സഹായക സാങ്കേതികവിദ്യകൾ, അനുയോജ്യമായ പരിചരണ സംവിധാനങ്ങൾ എന്നിവയിൽ പ്രത്യേക ഊന്നലോടെ ഭിന്നശേഷി സൗഹൃദ ചട്ടക്കൂടുകൾ സംയോജിപ്പിക്കും.
സാമൂഹ്യാധിഷ്ഠിത പരിചരണ ശൃംഖലകള്‍ ശാക്തീകരിക്കും. മുതിർന്നവരെ പരിചരിക്കുന്നവർക്ക് പരിശീലനം നല്‍കും. വേതനമില്ലാതെ മുതിർന്നവരെ പരിചരിക്കുന്നവർക്ക് സാമ്പത്തിക സഹായം, അവശ്യ സേവനങ്ങളുടെ വാതിൽപ്പടി വിതരണം, സർട്ടിഫിക്കേഷൻ, പരിചരണം നൽകുന്നവർക്ക് കരുതലും പിന്തുണയും നല്‍കും. പരിചരണ കേന്ദ്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ, സാമൂഹ്യപരിശോധനകൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവേശന നയങ്ങൾ, വാർധക്യകാല രോഗീപരിചരണ മൊഡ്യൂളുകൾ സംയോജിപ്പിക്കും. സാമൂഹിക പരിചരണ കേന്ദ്രങ്ങൾ സാമൂഹ്യക്ഷേമ പെൻഷനുകൾ എല്ലാവർക്കും ലഭ്യമാക്കും. പൊതുസേവനങ്ങൾ ലഭിക്കുന്നതിൽ മുതിർന്നവർക്ക് മുൻഗണന, ക്ഷേമപദ്ധതികളിൽ വർധിച്ച തോതിൽ അംഗത്വം, അനൗപചാരിക മേഖലകളിലെ തൊഴിലാളികൾക്ക് താങ്ങാനാവുന്ന ഇൻഷുറൻസ്, വയോധികർക്ക് റിവേഴ്സ് മോർട്ട് ഗേജ് എന്നിവ ഒരുക്കാനും പുതിയ നയത്തില്‍ പദ്ധതിയുണ്ട്.
സാമൂഹിക ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിച്ച് ഒറ്റപ്പെടൽ കുറയ്ക്കും, എല്ലാവർക്കും തുല്യമായ സേവന ലഭ്യത ഉറപ്പാക്കും, പ്രായമായ സ്ത്രീകളുടെ പ്രത്യേക ആവശ്യങ്ങൾക്ക് പരിഹാരം, പരമ്പരാഗത കഴിവുകൾ സംരക്ഷിക്കലും പുതുതലമുറയ്ക്ക് കൈമാറും. നൈപുണ്യമുള്ള വയോജനങ്ങൾക്ക് ഇന്റേൺഷിപ്പ് സൗകര്യങ്ങൾ ഒരുക്കും, വായ്മൊഴി ചരിത്രങ്ങളും പരമ്പരാഗത അറിവുകളും സംരക്ഷിക്കും, വയോജനങ്ങളെ ഉൾക്കൊള്ളുന്ന വിനോദ ഇടങ്ങൾ രൂപകൽപന ചെയ്യും, സംരക്ഷണത്തിനും പരാതി പരിഹാരത്തിനും ഏകജാലക സംവിധാനങ്ങൾ സ്ഥാപിക്കും, ഫാസ്റ്റ് ട്രാക്ക് നീതിന്യായ സംവിധാനങ്ങൾ സ്ഥാപിക്കും, വാർധക്യ വിജ്ഞാന പഠനമേഖലയിൽ (ജെറന്റോളജി) മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

മറ്റു പ്രധാന പദ്ധതികള്‍, നിര്‍ദേശങ്ങള്‍

* തലമുറകൾ തമ്മിൽ ഐക്യദാർഢ്യം വളർത്തും
* സുസ്ഥിരവും സമഗ്രവുമായ വയോജന പരിപാലനം ഉറപ്പാക്കാന്‍ ആഗോളതലത്തിലെ മികച്ച മാതൃകകൾ പ്രാദേശികതന്ത്രങ്ങളോടെ സ്വീകരിക്കും
* ഡിജിറ്റൽ ഉൾക്കൊള്ളലും സാങ്കേതിക ഉന്നമനവും പ്രോത്സാഹിപ്പിക്കും
* വയോധികർക്ക് സൗകര്യപ്രദമായ ഭൗതിക രൂപകല്പനകൾ
* മുതിർന്നവരെ ഉൾക്കൊള്ളുന്ന പൊതുഗതാഗത സംവിധാനവും സഞ്ചാരക്ഷമതയും
* ഭവന നിർമ്മാണത്തിലും പൊതു ഇടങ്ങളിലും വയോജന സൗഹൃദ നിർമ്മാണ രൂപകല്പനകൾ കൊണ്ടുവരും
* വയോജന സൗഹൃദ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തും
* ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കും
* രോഗപ്രതിരോധ ആരോഗ്യപരിരക്ഷ ഉറപ്പാക്കും
* പ്രാപ്യമായതും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ ആരോഗ്യ പരിരക്ഷാ സേവങ്ങൾ പരിപോഷിപ്പിക്കും
* ദീർഘകാല, സാന്ത്വന ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കും
* മെമ്മറി ക്ലിനിക്കുകൾ, പരിചരണം നൽകുന്നവർക്ക് പരിശീലനം
* വാർധക്യകാല രോഗചികിത്സാ പഠനവും (ജെറിയാട്രിക്സ്) ആരോഗ്യസംരക്ഷണ പരിശീലനവും പ്രോത്സാഹിപ്പിക്കും
* ഡിജിറ്റൽ ഹെൽത്ത്, ഇ‑ഹെൽത്ത് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും
* നൂതന ആരോഗ്യ പരിരക്ഷാ പ്രതിവിധികളുടെ സംയോജനം ലഭ്യമാക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar