9 January 2026, Friday

Related news

January 8, 2026
January 5, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025

ചരിത്ര സ്മരണകളുണര്‍ത്തി ‘പാട്ടബാക്കി’ നാളെ പിറന്ന മണ്ണില്‍ അരങ്ങേറും

ജന്മശതാബ്ദി ആഘോഷങ്ങള്‍ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും 
വൈലത്തൂരില്‍ വൈകീട്ട് ആറ് മണിക്ക് നാടകം 
Janayugom Webdesk
തൃശൂര്‍
May 17, 2025 8:50 am

നാട്ടില്‍ ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും പുതിയ രൂപത്തിലുള്ള തിരിച്ചു വരവിന് കളമൊരുക്കുമ്പോള്‍ കേരളത്തിന്റെ സാമൂഹിക‑സാഹിത്യ മണ്ഡലങ്ങളെ ഉഴുതുമറിച്ച ആദ്യ രാഷ്ട്രീയ നാടകമായ ‘പാട്ടബാക്കി’ നീണ്ട 88 വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന മണ്ണില്‍ നാളെ വീണ്ടും അരങ്ങേറും. സിപിഐയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഗുരുവായൂരിനടുത്ത വൈലത്തൂരിൽ ഒരിക്കൽക്കൂടി കെ ദാമോദരന്റെ പാട്ടബാക്കി നാടകത്തിന് വേദിയൊരുങ്ങുന്നത്.
1937 ൽ കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത് നടന്ന പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിലാണ് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ജന്മിത്വം തുലയട്ടെ എന്ന ആഹ്വാനം ഉയർത്തിയ പാട്ടബാക്കി നാടകം അവതരിപ്പിക്കുന്നത്. കർഷക സമ്മേളനത്തിന്റെ സംഘാടന പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന വൈലത്തൂർ കടലായിൽ മനയുടെ തട്ടിൻപുറത്തിരുന്ന് എണ്ണ വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിൽ രണ്ടോ മൂന്നോ രാത്രികൾ കൊണ്ടാണ് കെ ദാമോദരൻ പാട്ടബാക്കി നാടകം എഴുതി പൂർത്തിയാക്കിയത്. രണ്ടോ മൂന്നോ ദിവസത്തെ പരിശീലനം. കെപിആർ, ദാമോദരൻ, പെരച്ചുട്ടി, പി ശേഖരൻ, എകെജി തുടങ്ങിയവരാണ് അഭിനയിച്ചത്. നാടകത്തിൽ അമ്മവേഷം ചെയ്തത് രചയിതാവായിരുന്നു. പതിനാലുരംഗങ്ങളും പതിനെട്ടിലേറെ കഥാപാത്രങ്ങളുമുള്ളതായിരുന്നു നാടകം. പ്രേംജി, പരിയാനംപറ്റ, എം എസ് നമ്പൂതിരി തുടങ്ങി നിരവധിപേർ നൂറുകണക്കിനു വേദികളിൽ നാടകംകളിച്ചു. കാർഷിക പ്രശ്നങ്ങളും സംഘർഷങ്ങളും പറയുന്ന ശക്തമായ നാടകമായി പാട്ടബാക്കി മാറി.

സിപിഐ ജന്മശതാബ്ദിയോടനുബന്ധിച്ച് കൊടമന നാരായണൻ നായർ സ്‌മാരക വായനശാലയാണ് പാട്ടബാക്കി നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നത്. പാട്ടബാക്കി ആദ്യമായി അവതരിപ്പിക്കപ്പെട്ട വൈലത്തൂരിലെ പതിനെട്ടോളം പ്രാദേശിക കലാകാരന്മാർ അണിനിരത്തി പ്രമുഖ നാടക പ്രവർത്തകൻ ബാബു വൈലത്തൂരാണ് പുനരവതരണം സംവിധാനം ചെയ്‌തിരിക്കുന്നത്. സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ജന്മശതാബ്ദി ആഘോഷം നാളെ ഉച്ചയ്ക്ക് 2.30 മുതല്‍ വൈലത്തൂര്‍ അഞ്ഞൂര്‍ റോഡിലെ നമാസ് ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാർ, ആദര സമ്മേളനം എന്നിവയുടെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. റവന്യൂ മന്ത്രി കെ രാജൻ കെ ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തും.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എംപി, സിപിഐ(എം) ജില്ലാസെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ്, എന്‍ കെ അക്ബര്‍ എംഎല്‍എ, വടക്കേക്കാട് ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് എന്‍എംകെ നബീല്‍, വി കെ ശ്രീരാന്‍, അജിത്ത് കൊളാടി, ഇ എം സതീശന്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് ആറ് മണിക്ക് പാട്ടബാക്കി നാടകം അരങ്ങേറും. തുടര്‍ന്ന് കേരളമെമ്പാടും ആവശ്യമനുസരിച്ച് നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.