ആര്‍ജി കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ട ബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ. ഇതുവരെ ലഭ്യമായ തെളിവുകള്‍ പ്രകാരം സഞ്ജയ് റോയി തനിച്ചാണ് കൃത്യം നടത്തിയതെന്നും സിബിഐ വ്യക്തമാക്കി.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ ഡല്‍ഹി എയിംസിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നയുടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസന്വേഷണം അവസാനിപ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആശുപത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റേതും ഉൾപ്പെടും. ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് 31കാരിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രാജ്യത്ത് വ്യാപക പ്രതിഷേധത്തിന് കാരണമായ സംഭവത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇരയായ ഡോക്ടറുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ കേസന്വേഷിച്ച സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ സിബിഐ അന്വേഷണവും ശരിവയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.