14 December 2025, Sunday

Related news

July 21, 2025
July 3, 2025
July 1, 2025
March 26, 2025
November 21, 2024
November 15, 2024
September 17, 2024
July 25, 2024
May 22, 2024
March 24, 2024

അരിയിലും ഗോതമ്പിലും പോഷകമൂല്യം കുറവും വിഷാംശം കൂടുതലെന്നും റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2024 10:40 pm

രാജ്യത്തെ പ്രധാന ഭക്ഷ്യധാന്യങ്ങളായ അരിയിലും ഗോതമ്പിലും പോഷകമൂല്യം കുറവെന്നും വിഷാംശം കൂടുതലെന്നും റിപ്പോര്‍ട്ട്. ഇന്ത്യൻ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്(ഐസിഎആര്‍) ഗവേഷകരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡൗണ്‍ ടു എര്‍ത്ത് മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള ധാന്യങ്ങളില്‍ അവശ്യപോഷകങ്ങളായ സിങ്ക്, ഇരുമ്പ് എന്നിവ കുറവാണെന്ന് ഐസിഎആര്‍ കണ്ടെത്തി.

എന്നാല്‍ അരിയില്‍ ആര്‍സെനിക് വലിയതോതില്‍ അടങ്ങിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ രാജ്യം ഉയര്‍ന്ന ഉല്പാദനമുള്ള അരിയും ഗോതമ്പും അവതരിപ്പിക്കുന്നുണ്ട്. ഉല്പാദനക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പോഷക മൂല്യം കുറഞ്ഞു. പോഷക മൂല്യത്തിലുണ്ടായ കുറവ് സൃഷ്ടിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും പഠനത്തിന്റെ ഭാഗമായി. ഇത് സാംക്രമികേതര രോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഐസിഎആര്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1980കള്‍ക്ക് ശേഷം കീടങ്ങള്‍, രോഗങ്ങള്‍, ലവണത്വം, വരള്‍ച്ച എന്നിവ തരണം ചെയ്യുന്ന വിളകളിലേക്ക് ശ്രദ്ധ മാറിയപ്പോള്‍, അവ മണ്ണില്‍ നിന്ന് അവശ്യപോഷകങ്ങള്‍ ശേഖരിക്കുന്നുണ്ടോ എന്നത് പരിഗണിച്ചില്ല. അവശ്യ പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള വിളകളുടെ കഴിവ് നഷ്ടമായയെന്ന് പശ്ചിമബംഗാളിലെ ബിധാൻ ചന്ദ്ര കൃഷി വിദ്യാലയ ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് മുൻ പ്രൊഫസര്‍ ബിശ്വപതി മണ്ഡല്‍ പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷത്തില്‍ സിങ്ക്, ഇരുമ്പ് എന്നിവയുടെ അളവ് അരിയില്‍ 33 ശതമാനത്തില്‍ നിന്ന് 27 ശതമാനമായും ഗോതമ്പില്‍ 30 ശതമാനത്തില്‍ നിന്ന് 19 ശതമാനമായും കുറ‍ഞ്ഞു. അരിയില്‍ ആര്‍സെനികിന്റെ അളവ് 1,493 ശതമാനം വര്‍ധിച്ചു. വിഷാംശത്തിനെതിരെ പോരാടാനുള്ള വിളകളുടെ കഴിവ് നശിച്ചതായും ലേഖനം രേഖപ്പെടുത്തുന്നു. ഹരിതവിപ്ലവത്തിന്റെ ദൂഷ്യവശങ്ങള്‍ പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മണ്ണിന്റെ ഗുണനിലവാരം കുറയല്‍, കുടിവെള്ളം മലിനമാകല്‍, ഭൂഗര്‍ഭ ജലം കുറയല്‍, വൈവിധ്യമില്ലാത്ത കൃഷി രീതി എന്നിവയ്ക്കപ്പുറം ചര്‍ച്ച നടക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Eng­lish Sum­ma­ry: Rice and Wheat low in Food Val­ue, High on Tox­ins, Shows Study
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.