22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
May 22, 2024
March 6, 2024
January 25, 2024
December 28, 2023
December 20, 2023
October 13, 2023
August 10, 2023
August 5, 2023
July 28, 2023

ആഗോളതലത്തില്‍ അരിവില കുതിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2023 11:20 pm

ഇന്ത്യയുടെ കയറ്റുമതി നിരോധനത്തിന് പിന്നാലെ ആഗോളതലത്തിൽ അരിവില 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഐക്യരാഷ്ട്രസഭ ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം മുന്‍മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ അരിവില സൂചിക 2.8 ശതമാനം ഉയർന്നു. ഇത് കഴിഞ്ഞവർഷം ഇതേസമയമുള്ളതിനെക്കാൾ 20 ശതമാനം കൂടുതലാണ്. 2011 സെപ്തംബർ മുതലുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനവും അന്താരാഷ്ട്രതലത്തില്‍ വിലവർധനവിന് കാരണമായിട്ടുണ്ട്. ആവശ്യകത ഉയര്‍ന്നതിന് പിന്നാലെ അരിയുല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ചില രാജ്യങ്ങളിലെ കാലാവസ്ഥ പ്രതികൂലമായതും വിതരണശൃംഖലയെ ബാധിച്ചു. ലോകത്തെ അരികയറ്റുമതിയുടെ 40 ശതമാനം പങ്കാളിത്തം ഇന്ത്യയ്ക്കാണ്.

കഴിഞ്ഞമാസമാണ് ഇന്ത്യ ബസ്‌മതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ നിരോധനം രാജ്യത്തെ അരികയറ്റുമതിയുടെ 80 ശതമാനത്തെ ബാധിക്കും. രാജ്യത്ത് അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. ലോകത്തിലെ കോടിക്കണക്കിനാളുകളുടെ പ്രധാന ഭക്ഷണമാണ് അരിയും, അനുബന്ധ ഭക്ഷ്യവിഭവങ്ങളും. വില ക്രമാതീതമായി വർധിക്കുന്നത് പല രാജ്യങ്ങളിലെയും ഭക്ഷ്യസുരക്ഷയെത്തന്നെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ഐഎംഎഫ് അടക്കമുള്ള സംഘടനകള്‍ ഇക്കാര്യം പങ്കുവച്ചിരുന്നു. ഇന്ത്യയുടെ തീരുമാനത്തില്‍ വിദേശ രാജ്യങ്ങളിലെ എൻആര്‍ഐ കുടുംബങ്ങളിലും ആശങ്കയുണ്ട്. 

2022–23 സാമ്പത്തിക വര്‍ഷത്തില്‍ 64 ലക്ഷം ടണ്‍ ബസ്‌മതി ഇതര അരിയും 45ലക്ഷം ടണ്‍ ബസ്‌മതി അരിയും ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. 78 ലക്ഷം ടണ്‍ പുഴുക്കലരിയും കയറ്റുമതി ചെയ്തിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 15.54 ലക്ഷം ടണ്‍ അരിയാണ് രാജ്യത്ത് നിന്ന് കയറ്റിയയച്ചത്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 11.55 ലക്ഷം ടണ്‍ ആയിരുന്നു. 35 ശതമാനമാണ് കയറ്റുമതിയിലുണ്ടായ വര്‍ധനവ്.
140ലേറെ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് ബസ്‌മതി ഇതര അരി വാങ്ങുന്നത്. നേപ്പാള്‍, ബംഗ്ലാദേശ്, ആഫ്രിക്കൻ രാജ്യങ്ങളായ മഡഗാസ്കര്‍, ബെനീൻ, കെനിയ, ഐവറി കോസ്റ്റ്, ഏഷ്യയിലെ മലേഷ്യ, വിയറ്റ്നാം, യുഎഇ എന്നിവരെ ഇന്ത്യൻ തീരുമാനം ബാധിച്ചേക്കും. തായ്‌ലാൻഡ്, വിയറ്റ്നാം, കംബോഡിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളും അരി കയറ്റുമതി രംഗത്തുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.