22 January 2025, Wednesday
KSFE Galaxy Chits Banner 2

രാജ്യത്ത് അരി ഉല്പാദനം കുറയും

ആഗോള വിപണിയില്‍ 15 വർഷത്തെ ഏറ്റവും ഉയർന്ന വില 
Janayugom Webdesk
ന്യൂഡൽഹി
September 14, 2023 9:20 pm

രാജ്യത്ത് അരി ഉല്പാദനത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് ശതമാനം ഇടിവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നാല് ദശലക്ഷം മെട്രിക് ടൺ വരെ വിളവ് കുറയുമെന്നാണ് യുഎസ് കൃഷി വകുപ്പ് (യുഎസ്ഡിഎ) കണക്കുകൂട്ടല്‍.

കഴിഞ്ഞ വര്‍ഷം വിളവ് 136 ദശലക്ഷം മെട്രിക് ടൺ ആയിരുന്നെങ്കിൽ ഈ വര്‍ഷം അത് 132 ദശലക്ഷം മെട്രിക് ടണ്ണാകും. പുറമെ രാജ്യത്തെ നെല്ല് കൃഷിയിട വിസ്തൃതിയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവുണ്ടായെന്ന് യുഎസ്ഡിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ കുറഞ്ഞ ലഭ്യതയാണ് നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എട്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ഈ വര്‍ഷം പെയ്തത്.
അതേസമയം ഇന്ത്യയുടെ അരി കയറ്റുമതി വിലക്കിനെത്തുടര്‍ന്ന് ആഗോളവിപണിയില്‍ അരിയുടെ വില ഉയര്‍ന്ന നിലയിലാണ്. ഇതിനകം 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മുൻ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റില്‍ അരിവില 9.8 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ കയറ്റുമതി വിലക്കിന് പുറമെ കോവിഡ് മഹാമാരി, ഉക്രെയ്ൻ യുദ്ധം, എൽ നിനോ കാലാവസ്ഥാ പ്രതിഭാസത്തിന്റെ ആഘാതം എന്നിവയും വില കുതിച്ചുയരാൻ കാരണമായി. ബസുമതി ഒഴികെയുള്ള വെള്ള അരിക്ക് ജൂലൈ 20നാണ് ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു നടപടി.

ആഗോള അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം അരിക്ക് വേണ്ടി കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. 2007 ഒക്ടോബറിലും 2008 ഏപ്രിലിലും ബസുമതി ഇതര അരിയുടെ കയറ്റുമതിയ്ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2022 സെപ്റ്റംബറിൽ നുറുക്കരിയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. തായ്‌ലാൻഡ്, പാകിസ്ഥാൻ, വിയറ്റ്നാം എന്നിവയാണ് ഏഷ്യയിലെ മറ്റു വലിയ അരിയുല്പാദകർ. എൽ നിനോ പ്രതിഭാസം ഈ രാജ്യങ്ങളുടെ ഉല്പാദനത്തെയും ബാധിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Rice pro­duc­tion in the coun­try will decrease

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.