23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 14, 2024
September 6, 2024
September 5, 2024
July 3, 2024
June 30, 2024
June 27, 2024
June 19, 2024
May 31, 2024
May 14, 2024

മോഡിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം

Janayugom Webdesk
വാഷിങ്ടണ്‍
June 13, 2023 11:21 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കയില്‍ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് ഉള്‍പ്പെടെ വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലുമാണ് ഇന്ത്യ ദ മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയനിരീക്ഷകര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ പ്രദര്‍ശനത്തിന് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 20നാണ് ഡോക്യുമെന്ററി പ്രദര്‍ശനം. 22നാണ് മോഡിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കുന്നത്.

ഇന്ത്യയില്‍ ഡോക്യുമെന്ററിക്ക് നിരോധനമേര്‍പ്പെടുത്തിയത് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രദര്‍ശനം നടത്തുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. രണ്ട് ഭാഗങ്ങളായാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. ആയിരം പേരുടെ ജീവനെടുത്ത ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ഇത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. യഥാര്‍ത്ഥ മരണസംഖ്യ ഔദ്യോഗിക കണക്കിന്റെ ഇരട്ടിയിലധികമാണെന്നാണ് ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. കലാപം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം മോഡി നിഷേധിച്ചിരുന്നു. ഇതില്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തെളിവില്ലെന്ന് കാണിച്ച് സുപ്രീം കോടതി മോഡിയെ വെറുതെവിടുകയായിരുന്നു. ജനുവരിയിലാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. ഇത് പക്ഷഭേദവും രാഷ്ട്രീയഅജണ്ടയുടെ ഭാഗവുമാണെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്ററി നിരോധിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ ക്ലിപ്പുകള്‍ പുറത്തുവിടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. തീവ്ര ഹിന്ദുത്വ പുലര്‍ത്തുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളില്‍ വിവിധ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മോഡി സര്‍ക്കാരിന് കീഴില്‍‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വേട്ടയാടപ്പെടുകയും ചെയ്യുന്നതില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഡോക്യുമെന്ററി നിരോധിച്ചതിന് പിന്നാലെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഫെബ്രുവരി മാസത്തില്‍ ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫിസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ നിയമങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ബിബിസിക്കെതിരെ ഏപ്രില്‍ മാസത്തില്‍ അന്വേഷണവും ആരംഭിച്ചു. ബിബിസിക്കെതിരായ പ്രതികാര നടപടിയല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ആംനസ്റ്റി ഇന്റര്‍നാഷണലിനും രാജ്യത്തിനുള്ളില്‍ സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Rights groups to screen BBC doc­u­men­tary before PM Mod­i’s US visit
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.