1 March 2026, Sunday

Related news

March 1, 2026
February 22, 2026
February 21, 2026
February 17, 2026
February 6, 2026
January 27, 2026
January 26, 2026
January 25, 2026
January 23, 2026
January 18, 2026

നേപ്പാളിൽ ജയിലുകളിലും കലാപം; 1500ലേറെ തടവുകാർ രക്ഷപ്പെട്ടു; അവസരം മുതലെടുത്ത് ബാങ്കും കൊള്ളയടിച്ചു

Janayugom Webdesk
കാഠ്മണ്ഡു
September 10, 2025 2:49 pm

നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500‑ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയത്. ജയില്‍വളപ്പിനുള്ളില്‍ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികള്‍ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാര്‍ അവസരം മുതലെടുത്ത് സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങുകയുംചെയ്തു. ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. സംഭവസമയത്ത് പോലീസും ജയില്‍ അധികൃതരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജയിലില്‍നിന്ന് പുറത്തിറങ്ങിയ മുന്‍ മന്ത്രി സഞ്ജയ് കുമാര്‍ സാഹ് കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. 2012‑ലെ ഒരു ബോംബ് സ്‌ഫോടനക്കേസിലാണ് ഇദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഞ്ജയ് കുമാര്‍ ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇതിനുപുറമേ റേഡിയോ ടുഡേയുടെ ഉടമയായ അരുണ്‍ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അതേസമയം, താന്‍ നിരപരാധിയാണെന്നായിരുന്നു ജയില്‍ചാടിയ ശേഷം സഞ്ജയ് കുമാറിന്റെ അവകാശവാദം. ജെന്‍ സീ പ്രക്ഷോഭത്തെ അദ്ദേഹം അഭിനന്ദിക്കുകയുംചെയ്തു.

നേപ്പാളിലെ പ്രമുഖ രാഷ്ട്രീയനേതാവായ റാബി ലാമിച്ഛാനെയാണ് കഴിഞ്ഞദിവസം ജയിലില്‍നിന്ന് പുറത്തിറങ്ങിയ മറ്റൊരാള്‍. സഹകരണ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായാണ് റാബി ജയിലിലായത്. രാജ്യത്തെ വിവിധ ജയിലുകളില്‍നിന്നായി 1500‑ലേറെ തടവുകാര്‍ രക്ഷപ്പെട്ടതായാണ് വിവരം.

അതിനിടെ, കലാപത്തിനിടെ കൊള്ളയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കും ചിലര്‍ കൊള്ളയടിച്ചെന്നാണ് വിവരം. രാഷ്ട്രീയബഞ്ജിയ ബാങ്കിന്റെ ബനേശ്വര്‍ ബ്രാഞ്ച് അക്രമികള്‍ കൊള്ളയടിച്ചു. കവര്‍ച്ച നടത്തിയതിന് 26 പേരെ സൈന്യം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.