29 September 2024, Sunday
KSFE Galaxy Chits Banner 2

വരാഹരൂപം പകര്‍പ്പവകാശ കേസ് ; ഋഷഭ് ഷെട്ടിയെ ചോദ്യംചെയ്തു

Janayugom Webdesk
കോഴിക്കോട്
February 12, 2023 10:36 pm

സമീപ കാലത്ത് വൻ പ്രദർശന വിജയം നേടിയ ‘കാന്താര’ സിനിമയിലെ വരാഹരൂപം ഗാനം പകർപ്പവകാശ കേസിൽ നിർമ്മാതാവ് വിജയ് കിർഗന്ദൂർ, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇരുവരും കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴിയെടുത്തു. മാതൃഭൂമി മ്യൂസിക്കിന് വേണ്ടി തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ നവരസം എന്ന ഗാനത്തിന്റെ പകർപ്പാണ് കാന്താരയിലെ വരാഹരൂപം എന്നായിരുന്നു പരാതി.

ഈണം കോപ്പിയടിച്ചിട്ടില്ലെന്നാണ് സംഗീത സംവിധായകൻ അജനീഷ് ലോകേഷ് ഉള്‍പ്പെടെയുള്ളവരുടെ വാദം. ഋഷഭ് ഷെട്ടി ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകും. ചിത്രം കേരളത്തിൽ വിതരണം ചെയ്ത പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ പകർപ്പവകാശം ലംഘിച്ചെന്ന കേസിൽ കാന്താരയുടെ നിർമ്മാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നു.

Eng­lish Sum­ma­ry: kan­tara pla­gia­rism case; rishab shet­ty appeared at police station.
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.