
രാജ്യത്തെ റോഡുകളിൽ ഓരോ മണിക്കൂറിലും ശരാശരി ഒമ്പത് ഇരുചക്ര വാഹന യാത്രികർ അപകടത്തില്‍ മരിക്കുന്നതായി റോഡ് ഗതാഗത‑ഹൈവേ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ.
2013‑നും 2023‑നും ഇടയിൽ റോഡപകട മരണങ്ങൾ 24% വര്‍ധിച്ച് ഏകദേശം 1,73,000 ആയി. കാൽനടയാത്രക്കാരുടെ മരണം ഏകദേശം മൂന്നിരട്ടി വര്‍ധിച്ചു, ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ മരണം ഇരട്ടിയായി, സൈക്കിൾ യാത്രക്കാരുടേത് 13% കൂടി, ഈ എന്നിവയും ഇതേ കാലയളവിലെ പ്രധാന മാറ്റങ്ങളാണ്. മൊത്തത്തിലുള്ള അപകടമരണങ്ങളുടെ കണക്കെടുത്താൽ, 2014‑ൽ ഇരുചക്ര വാഹന അപകട മരണങ്ങൾ 30% ആയിരുന്നത് 2023‑ൽ 45% ആയി കുതിച്ചുയർന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പത്തുവര്‍ഷത്തിനിടെ കാർ, ജീപ്പ്, ട്രക്ക്, ബസ്, ഓട്ടോറിക്ഷ അപകടമരണങ്ങൾ കുറഞ്ഞു എന്നത്, ഹൈവേകളുടെയും വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത് കണക്കിലെടുക്കുമ്പോൾ ചെറിയ പുരോഗതിയായി കണക്കാക്കാം. ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. 2023‑ൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 74% ഇരുചക്ര വാഹനങ്ങളായിരുന്നു.
അമിത വേഗത, ഹെൽമെറ്റില്ലാതെയുള്ള യാത്ര, ഗതാഗത നിയന്ത്രണങ്ങളുടെ അഭാവം, അടിയന്തര ട്രോമാകെയർ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവയാണ് മരണനിരക്ക് ഉയരാൻ കാരണം. ഇരുചക്രവാഹനം മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത കടന്നാൽ അപകടം ഗുരുതര പരിക്കിന് കാരണമാകും. ഇതുപോലുള്ള അപകടകരമായ ഗതാഗത മാർഗങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യങ്ങൾ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വരുമാന വർധനവും അനുയോജ്യമായ പൊതുഗതാഗത സംവിധാനങ്ങളുടെ കുറവും സ്വകാര്യ വാഹന ഉപയോഗം ത്വരിതപ്പെടുത്തിയിട്ടുണ്ട്. 2021‑ലെ സ്പ്രിംഗർ നേച്ചർ ജേണൽ നടത്തിയ പഠനം ഈ വസ്തുത ശരിവയ്ക്കുന്നു. 2014‑ൽ 139 ദശലക്ഷം ഇരുചക്രവാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 2022‑ൽ അത് 263 ദശലക്ഷമായി കുതിച്ചു. എന്നാൽ, രജിസ്റ്റർ ചെയ്ത നാല് ചക്ര വാഹനങ്ങളുടെ എണ്ണം 26 ദശലക്ഷത്തിൽ നിന്ന് 49 ദശലക്ഷമായി മാത്രമാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊതുഗതാഗതത്തിലെ അപര്യാപ്തത കാരണം ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള നിരവധി പേർ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. ഇത് റോഡ് ഉപയോക്താക്കളുടെ എണ്ണത്തിലും തിരക്കിലും വര്‍ധനവുണ്ടാക്കുകയും അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അപകട മരണങ്ങളിൽ ഭൂരിഭാഗവും (69%) ഗ്രാമീണ മേഖലയിലാണ് സംഭവിക്കുന്നത്. പത്ത് വർഷം മുമ്പ് ഇത് 59% ആയിരുന്നു എന്ന് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.