
കേരളത്തില്‍ പ്രതിവര്‍ഷമുണ്ടാകുന്നത് 49,000 റോഡപകടങ്ങൾ. 2018 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണിത്. ഭരണ, വാണിജ്യ തലസ്ഥാനങ്ങളായ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ റോഡുകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഓണ്‍ റോഡ് ആക്സിഡന്റ്സ് 2025 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2023 ല്‍ എറണാകുളത്ത് മാത്രം 7128 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് 5469 എണ്ണവും. തൃശൂര്‍ (5003) ആണ് തൊട്ടുപിന്നില്‍. വയനാട് (910), കാസര്‍കോട് (1068) ജില്ലകളിലാണ് കുറവ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നഗര, അര്‍ദ്ധ നഗര മേഖലകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബി അനീഷ് കുമാര്‍ പറഞ്ഞു. ജനസാന്ദ്രതാ വര്‍ധനവ് അപകടനിരക്ക് ഉയരാന്‍ കാരണമാകുന്നുണ്ട്. പ്രാദേശീകമായ ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യവുമാണ് ജില്ലകളിലെ അപകടനിരക്കുകളിലെ വ്യത്യാസം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന അപകടങ്ങൾക്ക് പുറമേ മരണനിരക്കും ആശങ്ക ഉയർത്തുന്നതാണ്. ഈ കാലയളവിൽ എറണാകുളത്ത് 459 റോഡപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തും തൃശ്ശൂരും യഥാക്രമം 462, 439 മരണങ്ങളും രേഖപ്പെടുത്തി.
അഞ്ച് വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡപകട മരണനിരക്കും ഈ ജില്ലകളിലാണെന്നാണ്
വര്‍ധിച്ചുവരുന്ന അപകടങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ എടുത്തു കാണിക്കുന്നു. റോഡുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ കുറവ്, അപകടകരമായ ഡ്രൈവിങ് സംസ്കാരം, റോഡ് സുരക്ഷാ അവബോധത്തിന്റെ അഭാവം തുടങ്ങി നിരവധി കാരണങ്ങളുണ്ടെന്ന് കേരള സംസ്ഥാന റോഡ് സുരക്ഷാ അതോറിട്ടിയിലെ വിദഗ്ധ അംഗമായ ഉപേന്ദ്ര നാരായൺ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.