27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

അശാസ്ത്രീയ നിർമ്മാണമെന്ന് ആക്ഷേപം; തിരുവല്ല ബൈപ്പാസിൽ അപകടങ്ങൾ വർധിക്കുന്നു

Janayugom Webdesk
തിരുവല്ല
July 24, 2023 8:52 am

നഗരത്തിലെ ബൈപ്പാസ് നിർമ്മാണം അശാസ്ത്രീയമാണെന്ന നാട്ടുകാരുടെ ആരോപണം ശരിവെക്കുന്ന വിധത്തിൽ അപകടങ്ങൾ വർദ്ധിക്കുന്നു. ശനിയാഴ്ച രണ്ട് അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെയും ഉച്ചയ്ക്കുമായാണ് അപകടങ്ങൾ നടന്നത്. രാവിലെ പത്തരയോടെ ബൈപാസും മല്ലപ്പള്ളി റോഡും ചേരുന്ന ഭാഗത്താണ് ആദ്യത്തെ അപകടം നടന്നത്. പെരുന്തുരുത്തിയിൽ നിന്ന് രോഗിയെ കൊണ്ടുവരാൻ പോയ പുഷ്പഗിരി ആശുപത്രിയുടെ ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇവിടെ നിന്ന് 50 മീറ്ററിനുള്ളിൽ ബൈപാസും റെയിൽവേ സ്റ്റേഷൻ റോഡും ചേരുന്നയിടത്തുവച്ചാണ് രണ്ടാമത്തെ അപകടം.

കോട്ടയം ഭാഗത്തുനിന്നു വന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടു പേരേ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയാണ് മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ മാസങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ടത്. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണിവിടം. എം സി റോഡിൽ തിരുവല്ല നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിനു നിർമ്മിച്ച ബൈപാസ് ഉദ്ഘാടനം കഴിഞ്ഞപ്പോൾ മുതൽ സ്ഥിരം അപകട മേഖലയാണ്. 2020 ഫെബ്രുവരി 15‑ന് ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞ് ഒരുമണിക്കൂറിനകം ആദ്യ അപകടം നടന്നു. മല്ലപ്പള്ളി റോഡിന്റെ തുടക്കം, ബി-വൺ കവല, ചിലങ്ക ജങ്ഷൻ, മഴുവങ്ങാട് കവല എന്നിവിടങ്ങളിലാണ് അപകടങ്ങളിലേറെയും. ബൈപ്പാസ് നിർമാണത്തിൽ അപാകമുണ്ടെന്ന് നാറ്റ്പാക് നേരത്തേ കണ്ടെത്തിയതാണ്. ബൈപ്പാസ് തുടങ്ങുന്ന മഴുവങ്ങാട് ജങ്ഷനിൽ അപകടസാധ്യതയുണ്ടെന്ന പരാതിവന്നതോടെ കെഎസ്ടിപി പഠനം നടത്തിയിരുന്നു.

ഈ റിപ്പോർട്ടുകളൊക്കെ തയാറാക്കുംമുമ്പുതന്നെ ബൈപ്പാസ് തുറന്നുകൊടുക്കുകയായിരുന്നു. നഗരത്തിലെ തിരക്ക് ഒഴിവാക്കി പെട്ടെന്ന് വാഹനങ്ങൾക്ക് സഞ്ചരിക്കാനാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. എന്നാൽ തിരുവല്ല ബൈപ്പാസിൽ കയറിയാൽ നാലോളം ട്രാഫിക് സിഗ്നലിൽ കുടുങ്ങി കിടക്കേണ്ട സ്ഥിതിയാണ്. ഗതാഗത തടസ്സത്തോടൊപ്പം അപകടങ്ങളും വർദ്ധിക്കുന്നത് തിരുവല്ല ബൈപ്പാസിനെ യാത്രക്കാരുടെ പേടിസ്വപ്നമാക്കുകയാണ്.

Eng­lish Sum­ma­ry: Road acci­dents are on the rise on Thiru­val­la Bypass
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.