18 April 2025, Friday
KSFE Galaxy Chits Banner 2

സമുദ്രത്തിനടിയിൽ കണ്ടെത്തിയത് 7000 വർഷം പഴക്കം ചെന്ന നിഗൂഢ നടപ്പാത

Janayugom Webdesk
ക്രൊയേഷ്യ
May 11, 2023 8:31 pm

ക്രൊയേഷ്യയില്‍ നിന്നും ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തലിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്. എന്താണെന്ന് അറിയേണ്ടേ? ഇതൊരു റോഡാണ്. അതായത് ക്രിസ്തുവിനും മുൻപ് മനുഷ്യനാൽ നിർമ്മിക്കപ്പെട്ട താണ് ഈ റോഡ്. സമുദ്രത്തിനടിയിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഒരുകൂട്ടം പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. മെഡിറ്ററേനിയൻ സമുദ്രത്തിൽ ചെളിയും മണ്ണും മൂടിയ നിലയിൽ അവശേഷിച്ച റോഡാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഈ പാതയ്ക്ക് 7000 വർഷം പഴക്കമുണ്ടെന്നും ഗവേഷകർ കണക്കാക്കിയിട്ടുണ്ട്. ക്രൊയേഷ്യയിലെ കൊര്‍ക്കുല തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹ്വാര്‍ സംസ്കാരത്തിന്റെ അവശേഷിപ്പുള്ള പ്രദേശത്താണ് റോഡ് കണ്ടെത്തിയിരിക്കുന്നത്. നവീന ശിലായുഗത്തില്‍ ജനങ്ങള്‍ ജീവിച്ചിരുന്ന സൊലെെൻ എന്ന പ്രദേശമാണിത്.
ഈ മേഖലയെ കൊർക്കുല തീരവുമായി ബന്ധിപ്പിച്ചിരുന്ന റോഡാകാം ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ക്രൊയേഷ്യയിലെ സഡാർ സർവകലാശാലയിലെ ഗവേഷകർ കൊർക്കുല ദ്വീപിന്റെ സാറ്റ്‌ലെറ്റ് ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെ 2021 ലാണ് സൊലൈന്‍ എന്ന പുരാവസ്തു പ്രാധാന്യമുള്ള ഈ പ്രദേശം കണ്ടെത്തിയത്.
പിന്നീട് നടത്തിയ പരിശോധനകളിൽ സമുദ്രോപരിതലത്തിൽ നിന്നും അഞ്ചു മീറ്റർ ആഴത്തിൽ കല്ലിൽ നിർമിച്ച ഭിത്തികളും ജനവാസ മേഖലയെ സൂചിപ്പിക്കുന്ന അവശേഷിപ്പുകളും കണ്ടെത്തുകയായിരുന്നു. ധാരാളം ദ്വീപുകൾ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ശക്തമായ തിരകൾ ഈ മേഖലയെ ബാധിക്കില്ല. ഇക്കാരണം കൊണ്ടാണ് ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും ഈ പ്രദേശം തകരാതെ നിലനിന്നതെന്നും ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. നിലവിൽ കണ്ടെത്തിയിരിക്കുന്ന റോഡിന് 13 അടി വീതിയാണുള്ളത്. പാളികളായുള്ള കല്ലുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി നിർമിച്ചിരിക്കുന്ന റോഡാണിത്. സൊലൈനിൽ നിന്നും നാശമാകാത്ത നിലയിൽ ലഭിച്ച തടികളുടെ ഭാഗങ്ങൾ റേഡിയോ കാർബൺ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഈ പ്രദേശത്തിന്റെ കാലപ്പഴക്കം ഗവേഷകർക്ക് തിട്ടപ്പെടുത്താനായത്. എന്നാൽ കൊർക്കുല ദ്വീപിന് സമീപത്തുനിന്നും ആദ്യമായല്ല പുരാവസ്തുഗവേഷകരെ അമ്പരപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തുന്നത്. സോലൈനുമായി ഏറെ സാമ്യമുള്ള മറ്റൊരു മേഖല ദ്വീപിന്റെ മറുഭാഗത്ത് ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. കല്ലില്‍ നിര്‍മ്മിച്ച വ്യത്യസ്ത വസ്തുക്കളുടെ അവശേഷിപ്പുകളും ഇവിടെ നിന്നും ഗവേഷകര്‍ക്കായി കണ്ടെത്താനായി. സൊലൈനിൽ ഇനിയും ഒട്ടേറെ നിരീക്ഷണങ്ങൾ നടത്താൻ ഉണ്ടെന്നും നവീന ശിലായുഗത്തിലെ ജനജീവിതത്തെക്കുറിച്ചും ഹ്വാര്‍ സംസ്കാരത്തെക്കുറിച്ചുമെല്ലാം വരും കാലങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് ഗവേഷകർ.

eng­lish sum­ma­ry; Road Built 7,000 Years Ago Found at The Bot­tom of The Mediter­ranean Sea

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.