
രാജ്യത്തെ റോഡ് സുരക്ഷാ വിഷയങ്ങളിൽ കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മോട്ടോർ വാഹന നിയമപ്രകാരം റോഡ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കാനും വിജ്ഞാപനം ചെയ്യാനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും (യുടി) കോടതി ആറ് മാസത്തെ സമയപരിധി നിശ്ചയിച്ചു. നിലവിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിനെയാണ് രാജ്യത്തെ റോഡ് സുരക്ഷാ മുന്നേറ്റം ആശ്രയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ദേശീയപാതകൾ ഒഴികെയുള്ള റോഡുകളുടെ രൂപകല്പന, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി മാനദണ്ഡങ്ങൾ കൊണ്ടുവരാനും കോടതി സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനും യാന്ത്രികമായി ഓടിക്കുന്ന വാഹനങ്ങൾ സമയബന്ധിതമായി നിയന്ത്രിക്കുന്നതിനുമായി 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 128(1)(എ) ഉം 210(ബി) ഉം പ്രകാരം ആറ് മാസത്തിനുള്ളിൽ നിയമങ്ങൾ രൂപീകരിക്കണം.
ദേശീയ പാതകൾ ഒഴികെയുള്ള റോഡുകളുടെ രൂപകല്പന, നിർമ്മാണം, പരിപാലനം എന്നിവയ്ക്കായി മാനദണ്ഡങ്ങൾ നിർദേശിക്കുന്ന സെക്ഷൻ 210 (ബി) പ്രകാരം നിയമങ്ങൾ രൂപീകരിക്കാൻ ജസ്റ്റിസ് കെ വി വിശ്വനാഥൻ കൂടി ഉൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലും ദേശീയ പാതകളിലും കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും ചലനവും സുരക്ഷയും നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിർദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
നടപ്പാതകളുടെയും കാൽനട ക്രോസിങ്ങുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കോടതി പ്രത്യേക നിർദേശങ്ങൾ നൽകി. ഡൽഹി ഹൈക്കോടതിക്ക് സമീപം ഉയർന്നുവരുന്ന പ്രശ്നം കോടതി ശ്രദ്ധയിൽപ്പെട്ടതായും, ആ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. കൂടാതെ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന വെള്ള എൽഇഡി ലൈറ്റുകൾ, ചുവപ്പ്, നീല ലൈറ്റുകൾ, അനധികൃത ഹൂട്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ടും ബെഞ്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.