
റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ഇനി ആമസോണിലും വിൽപ്പനയ്ക്ക്. മുൻനിര ഇ‑കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടുമായി കൈകോർത്തതിന് പിന്നാലെയാണ് റോയൽ എൻഫീൽഡ് മറ്റൊരു വമ്പനായ ആമസോൺ ഇന്ത്യയുമായും സഹകരിക്കുന്നത്. 350 സി സി മോട്ടോർസൈക്കിളുകളാണ് നിലവിൽ ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയുക. റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹണ്ടർ 350, ബുള്ളറ്റ് 350, മെറ്റിയോർ 350, ഗോവൻ ക്ലാസിക് 350 എന്നീ മോഡലുകളാണ് ആമസോൺ വഴി ഇപ്പോൾ ലഭ്യമാവുക. കാലക്രമേണ ഹിമാലയൻ 450, ഗൊറില്ല 450, സ്ക്രം 450 തുടങ്ങിയ വലിയ ബൈക്കുകളും, 650 സി സി മോഡലുകളായ കോണ്ടിനെന്റൽ ജി ടി 650, ഇൻ്റർസെപ്റ്റർ 650 എന്നിവയും ഓൺലൈനിൽ വിൽപ്പന നടത്താൻ കഴിയുമെന്നാണ് റോയൽ എൻഫീൽഡ് പ്രതീക്ഷിക്കുന്നത്.
ആമസോൺ ഇന്ത്യയുടെ സഹായത്തോടെ വിൽപ്പന ആരംഭിക്കുന്ന ഈ ബൈക്കുകൾക്ക് ഫ്ലെക്സിബിൾ പേയ്‌മെൻ്റ് ഓപ്ഷനുകൾ കമ്പനി അനുവദിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് വാഹനം വാങ്ങുന്നത് എളുപ്പമാക്കും. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, പൂനെ തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ നഗരങ്ങളിൽ, ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഡീലർഷിപ്പുകളും സർവീസ് സെൻ്ററുകളും തിരഞ്ഞെടുക്കാം. കൂടാതെ, ഓൺലൈൻ സ്റ്റോറിൽ നിന്ന് ആവശ്യമായ ആക്സസറികൾ, റൈഡിങ് ഗിയറുകൾ എന്നിവയും വാങ്ങാൻ അവസരമുണ്ട്. നേരത്തെ, സെപ്റ്റംബർ 22 മുതൽ ബംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഫ്ലിപ്കാർട്ട് വഴി റോയൽ എൻഫീൽഡ് ബൈക്കുകളുടെ വിൽപ്പന ആരംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.