
ഇന്ത്യയുടെ സ്മൃതി മന്ദാന ഐസിസിയുടെ 2024ലെ മികച്ച ഏകദിന വനിതാ താരം. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നാല് സെഞ്ചുറികളടക്കം അടിച്ചുകൂട്ടി മിന്നുന്ന ഫോമിലായിരുന്നു സ്മൃതി. ടെസ്റ്റിലും കഴിഞ്ഞ വര്‍ഷം താരം സെഞ്ചുറിയടിച്ചിരുന്നു. ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തുടരെ രണ്ട് സെഞ്ചുറികളും നേടിയിരുന്നു. ഒക്ടോബറില്‍ ന്യൂസിലാന്‍ഡിനെതിരെയും പിന്നാലെ ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേയും താരം സെഞ്ചുറിയടിച്ചു.
2024ല്‍ 13 ഇന്നിങ്‌സുകളില്‍ നിന്നു നാല് സെഞ്ചുറികളടക്കം സ്മൃതി 747 റണ്‍സ് അടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും സ്മൃതി തന്നെ. 57.86 ആണ് ആവറേജ്. 95.15 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഒരു കലണ്ടര്‍ വര്‍ഷം വനിതാ ഏകദിനത്തില്‍ നാല് സെഞ്ചുറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോഡും കഴിഞ്ഞ വര്‍ഷം സ്മൃതി സ്വന്തം പേരിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 117, 136, ന്യൂസിലാന്‍ഡിനെതിരെ 100, ഓസ്‌ട്രേലിയക്കെതിരെ 105 റണ്‍സ് എന്നിവയാണ് താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏകദിന സെഞ്ചുറികള്‍. കരിയറില്‍ ആകെ 10 ഏകദിന സെഞ്ചുറികളാണ് സ്മൃതി അടിച്ചെടുത്തത്. ലോറ വോള്‍വാര്‍ട്ട് (697 റണ്‍സ്), ടാമി ബ്യുമോണ്ട് (554), ഹെയ്‌ലി മാത്യൂസ് (469) എന്നിവരെ പിന്തള്ളിയാണ് 2024ല്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത വനിതാ താരമായി സ്മൃതി മാറിയത്. കരിയറില്‍ ഇതു രണ്ടാം തവണയാണ് ഐസിസിയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അവരെ തേടിയെത്തിയത്.
നേരത്തേ 2018ലും ഐസിസി പുരസ്‌കാരം സ്മൃതി സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡിന്റെ സൂസി ബേറ്റ്സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോഡും സ്മൃതി സ്വന്തമാക്കി. 2013ലും 2016ലുമാണ് ബേറ്റ്സ് മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.