
രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം പ്രതിമാസ റീച്ചാർജിനായി വരിക്കാർ ഏറ്റവും കൂടുതലായി ഉപയോഗിച്ചിരുന്ന 249 രൂപയുടെ പ്ലാൻ നിർത്തലാക്കി. ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഇപ്പോൾ ‘വി‘യും ഇതേ പാത പിന്തുടർന്നിരിക്കുകയാണ്. വരുമാനം വർദ്ധിപ്പിക്കാനുള്ള കമ്പനികളുടെ തന്ത്രപരമായ നീക്കമാണ് ഈ മാറ്റത്തിന് പിന്നിൽ. നിലവിൽ ലഭ്യമായതിൽ ഉയർന്ന വിലയുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ്, 1ജിബി പ്രതിദിന ഡാറ്റ സഹിതം ലഭിച്ചിരുന്ന 249 രൂപ പ്ലാൻ ടെലിക്കോം കമ്പനികൾ പിൻവലിച്ചിരിക്കുന്നത്.
249 രൂപയുടെ റീച്ചാർജ് പ്ലാൻ ആദ്യം നിർത്തലാക്കിയത് റിലയൻസ് ജിയോ ആണ്. ജിയോ ഈ പ്ലാൻ പിൻവലിച്ചതിന് പിന്നാലെ തന്നെ എയർടെലും തങ്ങളുടെ 249 രൂപ പ്ലാൻ പിൻവലിച്ചു. ഈ പ്രമുഖ കമ്പനികൾ പ്ലാനുകൾ നിർത്തലാക്കിയിട്ടും വി തുടർന്നത് വരിക്കാർക്ക് നേരിയ ആശ്വാസം നൽകിയിരുന്നു. എന്നാൽ, ആ ആശ്വാസത്തിന് വെറും ഒരു മാസത്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
നിർത്തലാക്കിയ വിഐയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയിൽ, പ്രതിദിനം 1ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നിവയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഈ ജനപ്രിയ പ്ലാൻ ഇല്ലാതായതോടെ ഇനി വിഐ വരിക്കാർ കൂടുതൽ ഉയർന്ന തുക നൽകേണ്ടിവരുന്ന മറ്റ് പ്ലാനുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.