പ്രധാനമന്ത്രി നരേന്ദ്ര മോഡി-ആഭ്യന്തര മന്ത്രി അമിത്ഷാ സഖ്യത്തിന്റെ ഏകാധിപത്യ നയങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ്. ഒരു നേതാവിനോ ഒരു പാർട്ടിക്കോ ഒറ്റയ്ക്ക് രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനാകില്ലെന്നാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വിമർശനം. ഭരണകൂടത്തിന്റെ കൂടിയാലോചനകളില്ലാതെയുള്ള തീരുമാനങ്ങളെ പരാമർശിച്ചായിരുന്നു മുമ്പും മോഡി സർക്കാരിനെ വിമർശിച്ചിട്ടുള്ള ആർഎസ്എസ് അധ്യക്ഷന്റെ പുതിയ പ്രസ്താവം.
ഒരു നേതാവിന് ഒറ്റയ്ക്ക് രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും ഏറ്റെടുക്കാനാവില്ല എന്നതാണ് സംഘ് ആശയത്തിന്റെ പ്രാഥമികമായ പാഠം. മഹാനായ ഏതെങ്കിലും നേതാവിന് അപൂർവമായി ഇങ്ങനെ സാധിച്ചേക്കാം. അല്ലാതെ ഒരു പാർട്ടിക്കോ ഒരു സംഘടനയ്ക്കോ ഒരു നേതാവിനോ മാറ്റങ്ങൾ കൊണ്ടുവരാനാവില്ല. മാറ്റമുണ്ടാകണമെങ്കിൽ സാധാരണക്കാരായ മനുഷ്യർ മുന്നിട്ടിറങ്ങണമെന്നും സ്വതന്ത്ര്യ സമരത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
1857ലാണ് ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നത്. പക്ഷേ അത് ലക്ഷ്യപ്രാപ്തിയിലെത്തിയത് സാധാരണ ജനങ്ങൾ അതിന്റെ ഭാഗമായപ്പോഴാണ്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് മോഡിയുടെ ‘ഹർ ഘർ തിരംഗ’ പ്രഖ്യാപനത്തിലുള്ള വിയോജിപ്പ് മറച്ചുവച്ചുകൊണ്ട് ഭാഗവത് പറഞ്ഞു. ആത്മപരിശോധനയിലും അവലോകനത്തിലും വിശ്വസിക്കുന്നവരാണ് തങ്ങൾ. പുതിയ കാഴ്ചപ്പാടുകളെ സ്വീകരിക്കൽ, മറ്റ് വിശ്വാസങ്ങളുടെ തത്വങ്ങൾ ഉൾക്കൊള്ളൽ, ദേശീയ ആവശ്യങ്ങൾക്കായി തത്വങ്ങൾ രൂപപ്പെടുത്തൽ എന്നിവയാണ് വേണ്ടത്-വിദർഭ സാഹിത്യ സംഘിന്റെ പരിപാടിയിൽ സംസാരിക്കവേ ഭഗവത് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിലെ നിസംഗതയിലും മുമ്പ് മോഡിയെ ഭാഗവത് വിമർശിച്ചിരുന്നു. അതേസമയം മോഡി ഭരണത്തിൽ ഇടപെടാൻ കഴിയാത്ത ദുർബല നേതൃത്വമാണ് ഭാഗവതിന്റേതെന്നും വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ സർ സംഘ്ചാലകായിരുന്ന കെ എസ് സുദർശൻ ശക്തമായ ഇടപെടൽ നടത്തിയിരുന്നുവെന്നും സംഘത്തിനുള്ളിൽ പരാതിയുണ്ട്. ദേശീയപതാകയെ അംഗീകരിക്കാത്ത ആർഎസ്എസിന്റെ ഭാഗമായിട്ടും വീടുകളിൽ പതാകയുയർത്താൻ മോഡി ആഹ്വാനം ചെയ്തതിലുള്ള അമർഷവും ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയിലുണ്ട്.
ത്രിവർണ പതാകയെ അംഗീകരിക്കാനോ നാഗ്പുരിലെ സ്വന്തം ആസ്ഥാനത്ത് ഉയർത്താനോ ആർഎസ്എസ് ഇതുവരെ തയാറായിട്ടില്ല. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന് ബിജെപി വലിയ പരസ്യം നല്കുമ്പോൾ ആർഎസ്എസ് അത് ഏറ്റെടുത്തിട്ടില്ല. സമൂഹമാധ്യമങ്ങളിലെ മുഖചിത്രം മാറ്റി ദേശീയ പതാകയാക്കണമെന്ന ആഹ്വാനത്തിനും ആർഎസ്എസ് നേതാക്കളുടെ പ്രതികരണമുണ്ടായില്ല.
English Summary: RSS against Modi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.