6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 5, 2025
December 3, 2025
December 2, 2025
November 30, 2025
November 27, 2025
November 27, 2025
November 27, 2025
November 25, 2025

ആര്‍എസ്എസും ബിജെപിയും വിവേചന നിയമം നടപ്പിലാക്കുന്നു; യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്‍ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2025 10:43 pm

ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും വിവേചന നിയമം നടപ്പിലാക്കുന്നുവെന്ന വിമര്‍ശനവുമായി യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്‍ റിപ്പോര്‍ട്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരെ 2020 ല്‍ പ്രതിഷേധിച്ച ഉമര്‍ ഖാലിദിന് ഇതുവരെ ജാമ്യം ലഭിക്കാത്തത് ഇതിന്റെ ഉദാഹരണമാണെന്നും യുഎസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റീലിജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസും ബിജെപിയും ആസൂത്രണം ചെയ്യുന്ന ഗൂഢ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിചാരണയില്ലാതെ വര്‍ഷങ്ങളോളം കഴിയുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനപരമായ നിയമങ്ങള്‍ രൂപീകരിക്കുന്നതില്‍ ആര്‍എസ്എസും ബിജെപിയും മുഖ്യ പങ്കാണ് വഹിക്കുന്നത്. ദേശീയ‑സംസ്ഥാന തലത്തില്‍ വിവേചനപരമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നു. മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള സ്വാതന്ത്ര്യത്തിന് (ഫ്രീഡം ഓഫ് റീലിജിയന്‍ ഓര്‍ ബിലിഫ്) ഇന്ത്യന്‍ ഭരണഘടനയില്‍ സംരക്ഷണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം മതന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ വിവേചനത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത്തരം വിവേചനപരമായ നിയമങ്ങള്‍ പാസാക്കുന്നതിന് പുറകിലെ ബുദ്ധികേന്ദ്രം ആര്‍എസ്എസും ബിജെപിയുമാണ്. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് മതപരിവര്‍ത്തന നിരോധന നിയമം, പൗരത്വ ഭേദഗതി, ഗോവധ നിരോധനം തുടങ്ങിയ നിരവധി നിയമങ്ങളാണ് പാസാക്കിയിരിക്കുന്നത്. 

2014 മുതല്‍ ഇന്ത്യയെ മതേതര രാഷ്ടമെന്ന നിലയില്‍ നിന്ന് ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ വിഭാഗീയ നിയമങ്ങള്‍ നടപ്പിലാക്കി. ആർഎസ്എസിന്റെ പ്രാഥമിക ദൗത്യം ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന ധാരണ സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, മറ്റ് മതന്യൂനപക്ഷങ്ങൾ എന്നിവരെ ഒഴിവാക്കിയുള്ള രാഷ്ട്ര സങ്കല്‍പ്പമാണ് രണ്ടു സംഘടനകളുടെയും പരമമായ ലക്ഷ്യം. ഇന്ത്യ ഒപ്പുവച്ചിട്ടുള്ള അന്താരാഷ്ട്ര സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്‌സ് ഉടമ്പടിയുടെ (ഐസിസിപിആർ) ആർട്ടിക്കിൾ 18ല്‍ പ്രകാരം മതന്യൂനപക്ഷങ്ങളെയും അവരുടെ മതമോ വിശ്വാസമോ സ്വതന്ത്രമായി ആചരിക്കാനുള്ള കഴിവും ഇന്ത്യയില്‍ അന്യംനിന്ന് വരുകയാണ്.
ആർഎസ്എസ് നേരിട്ട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള നേതാക്കൾക്ക് വേണ്ടി ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താൻ ആർഎസ്എസ് പ്രവർത്തകരെ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലെ ആർഎസ്എസിന്റെ സ്വാധീനം വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെടുന്നതിനാൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കാജനകമായ രാജ്യം’ ആയി പ്രഖ്യാപിക്കണമെന്ന് 2025‑ലെ വാർഷിക റിപ്പോർട്ടിൽ യുഎസ് സിഐആർഎഫ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ ശുപാർശയിൽ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നേരത്തെയും സമാനമായ റിപ്പോർട്ടുകൾ യുഎസ്‌സിഐആർഎഫ് പുറത്തിറക്കിയിരുന്നു. എന്നാൽ, വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടുകൾ പൂർണമായി നിരാകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും കേന്ദ്രസർക്കാർ ആരോപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.