6 December 2025, Saturday

Related news

November 14, 2025
September 11, 2025
August 17, 2025
August 9, 2025
July 25, 2025
July 19, 2025
March 17, 2025
February 6, 2025
February 3, 2025
February 1, 2025

മൂന്നാമൂഴത്തിലെ ആര്‍എസ്എസ് ലക്ഷ്യം ഹിന്ദുരാഷ്ട്രം: പി സന്തോഷ്‌കുമാർ എംപി

Janayugom Webdesk
വൈക്കം
August 9, 2025 10:29 pm

ഹിന്ദുരാഷ്ട്രസ്ഥാപനം അതിവേഗം യാഥാർത്ഥ്യമാക്കുകയാണ് മോഡി ഭരണത്തിന്റെ മൂന്നാമൂഴത്തിൽ ആർഎസ്എസിന്റെയും സംഘ്പരിവാറിന്റെയും ലക്ഷ്യമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ്‌കുമാർ എംപി പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ആര്‍ ബിജു നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവർത്തനം എന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഇതിന്റെ ഭാഗമാണ്. ദളിത് പിന്നാക്ക വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കേട്ടതിലും എത്രയോ അധികമാണ് പുറം ലോകമറിയാത്ത അതിക്രമങ്ങൾ. തീവ്ര ഹിന്ദുരാഷ്ട്രത്തിനുവേണ്ടി ആവേശം കൊള്ളുന്ന ഇവരെ പ്രതിരോധിക്കാൻ നാടിനു കഴിയണം. 

ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി എന്നതിനൊപ്പം ആർഎസ്എസ് ഉയർത്തിയ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തിയതായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ വിജയം. ഇന്ന് ആർഎസ്എസ് രാജ്യത്തിന് കനത്ത ഭീഷണി ഉയർത്തുന്നു. സംഘടിതമായ പ്രവർത്തനത്തിലൂടെ സംഘ്പരിവാര്‍ സംഘടനകള്‍ ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കി. തെരഞ്ഞെടുപ്പ് കമ്മിഷൻ പോലും ആർഎസ് എസ് നിയന്ത്രണത്തിലായി. സ്വാതന്ത്ര്യ സമരചരിത്രത്തെ ഒറ്റുകൊടുത്തവർ അതിൽ പങ്കെടുത്തു എന്ന് കാണിക്കാൻ തത്രപ്പെടുന്നു. ഭൂതകാലത്തിന്റെ ആലസ്യത്തിൽ നിന്നും കോൺഗ്രസ് പുറത്ത് വന്നിട്ടില്ല. ചെറിയ തർക്കങ്ങൾ മാറ്റി വച്ച് ആർഎസ്എസിനെതിരെ അണിചേരാനാകണമെന്നും അദ്ദേഹം പറഞ്ഞു. 

സി കെ ശശിധരൻ, ആർ രാജേന്ദ്രൻ, സി പി മുരളി, ടി വി ബാലൻ, പി വസന്തം, കെ കെ അഷറാഫ് എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി വി ബി ബിനു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി എസ് ശ്രീനിവാസൻ — സി കെ വിശ്വനാഥൻ നഗറിൽ (ബോട്ടുജെട്ടി മൈതാനം) നടന്ന സിപിഐ ശതാബ്ദി സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സി കെ ആശ എംഎൽഎ അധ്യക്ഷയായി. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗായിക പി കെ മേദിനിയെ ചടങ്ങിൽ ആദരിച്ചു. ടി എൻ രമേശൻ സ്വാഗതവും പി പ്രദീപ് നന്ദിയും പറഞ്ഞു.
ഇന്ന് പ്രതിനിധി സമ്മേളനത്തെ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, പി പി സുനീർ എംപി എന്നിവർ അഭിവാദ്യം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.