ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോഡ് താഴ്ചയില്‍. 84.13 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ കറൻസിയുടെ മൂല്യം ഡോളറിനെതിരെ 84 രൂപയ്ക്ക് മുകളിലെത്തുന്നത്. സെപ്റ്റംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83.98 രൂപയായിരുന്നു മൂല്യം. പിന്നീട് രണ്ടാഴ്ച കൊണ്ട് രൂപ തിരികെ വരികയായിരുന്നു. എന്നാല്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങള്‍ രൂപയെ റെക്കോഡ് താഴ്ചയിലെത്തിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയിൽ നിന്നും പണം കൂട്ടത്തോടെ പുറത്തേക്ക് ഒഴുകുന്നതും തകർച്ചക്കുള്ള കാരണമായി. ഈ മാസം ഇതുവരെ 54,000 കോടി രൂപ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യൻ ഓഹരികളിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് വലിയ തോതിൽ കുറച്ചേക്കില്ലെന്ന സൂചനകളുടെ കരുത്തിൽ ഡോളർ ഉണർവിലായതും രൂപയ്ക്ക് തിരിച്ചടിയായി.
രണ്ടാഴ്ച മുമ്പ് രൂപയുടെ മൂല്യം 83.50 എന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നു. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കരുതൽ വിദേശനാണ്യ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യത്തകർച്ച തടയാൻ കഴിഞ്ഞ മാസങ്ങളിൽ റിസർവ് ബാങ്ക് നടപടികൾ സ്വീകരിച്ചിരുന്നു. അല്ലായിരുന്നെങ്കിൽ രൂപയുടെ മൂല്യം നേരത്തെ 84 തൊടുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ ഭാവിവില നാല് ശതമാനം വരെ ഉയർന്നു. ഇറാന്റെ ഇസ്രയേൽ ആക്രമണമാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഭാവിവില വർധിക്കാനുള്ള കാരണം. ഇറാനെതിരെ ഇസ്രയേൽ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ എണ്ണപ്പാടങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാജ്യങ്ങളിലൊന്നും ഉപഭോക്താവുമായ യുഎസിൽ വീശിയടിച്ച മിൽട്ടൺ ചുഴലിക്കാറ്റും എണ്ണവിലയെ സ്വാധീനിച്ചു. ചുഴലിക്കാറ്റ് കാരണവും എണ്ണവിതരണത്തില്‍ പല തടസങ്ങളും നേരിടുന്നുണ്ട്. ഇത് വിലയിൽ പ്രതിഫലിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. 3.7 ശതമാനം കൂടി 79.40 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം കൂടി 75.85 ഡോളറിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.