
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയിലെത്തി. ഇന്നലെ ഡോളറിനെതിരെ ഒരു ഘട്ടത്തിൽ 90.42 രൂപയ്ക്കാണ് വ്യാപാരം നടന്നത്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണിത്. ബാങ്കുകൾ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയതാണ് മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. കോർപറേറ്റ് പേയ‌്മെന്റുകൾ, ഇറക്കുമതിക്കാരുടെ ആവശ്യം എന്നിവ വർധിച്ചതും ഡോളറിന് സമ്മർദ്ദമേറ്റി. 2025ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 5% ത്തിലധികം ഇടിഞ്ഞിട്ടുണ്ട്.
2020‑ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവിലേക്കാണ് രൂപയുടെ മൂല്യം നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയുമായി വ്യാപാര കരാര്‍ ഉറപ്പാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടത് വിപണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വരും മാസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
വർധിച്ചുവരുന്ന വ്യാപാരക്കമ്മി, ഇന്ത്യൻ ഉല്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 50% തീരുവ തുടങ്ങിയ ഘടകങ്ങൾ രൂപയുടെ മോശം പ്രകടനത്തിന് കാരണമാകുന്നു. കൂടാതെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് മൂലധനം പിൻവലിക്കുന്നതും രൂപയ്ക്ക് സമ്മർദമുണ്ടാക്കുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിശബ്ദത തുടരുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെ ഫലമാണ് രൂപയുടെ മൂല്യമിടിവ് എന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്ത ആഴ്ച നടത്താനിരിക്കുന്ന അഞ്ച് ബില്യൺ ഡോളറിന്റെ വാങ്ങൽ‑വില്പന ഇടപാടിലേക്കാണ് (സ്വാപ്പ് ഓപ്പറേഷൻ) വിപണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആർബിഐയുടെ മുൻ ഇടപെടലുകളും ഐപിഒകളുമായി ബന്ധപ്പെട്ട വൻതോതിലുള്ള നിക്ഷേപവും കാരണം ബാങ്കിങ് സംവിധാനത്തിൽ പണലഭ്യതയിൽ അസന്തുലിതാവസ്ഥയുണ്ട്. സ്വാപ്പ് ഓപ്പറേഷനിലൂടെ ബാങ്കിങ് സംവിധാനത്തിലേക്ക് പണലഭ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എളുപ്പത്തിൽ പണമായി മാറ്റാൻ കഴിയുന്ന ആസ്തികളിലൂടെ അധിക ഡോളർ സ്വന്തമാക്കാനും ഹ്രസ്വകാല അസ്ഥിരത ഒഴിവാക്കാനും ഈ സ്വാപ്പ് സഹായിക്കുമെന്ന് ബാങ്കർമാർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.