
2026‑ന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടി. ആഗോള സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ജനുവരി 21‑ന് ഡോളറിനെതിരെ 91.75 എന്ന നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം ആദ്യ 20 ദിവസത്തിനുള്ളിൽ മാത്രം 336 കോടി ഡോളറാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പിൻവലിച്ചത്. കഴിഞ്ഞ വർഷം ആകെ 1,891 കോടി ഡോളർ വിപണിയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. ഈ പ്രവണത ഇപ്പോഴും തുടരുന്നത് ആഭ്യന്തര വിപണിയിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. അടുത്തയാഴ്ചയോടെ 92.25 എന്ന വിലയിടിവിലേക്ക് രൂപ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോളതലത്തിലുള്ള യുദ്ധഭീഷണികളും വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ ഇന്ത്യ പോലുള്ള വളരുന്ന വിപണികളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നു. രാജ്യാന്തര വിപണിയിൽ ഡോളറിനായുള്ള ആവശ്യം വർധിച്ചതും അമേരിക്കൻ വിപണിയിലെ മാറ്റങ്ങളും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ തകർച്ച കേവലം ഒരു വിപണി പ്രവണതയല്ല, മറിച്ച് ആഭ്യന്തര സാമ്പത്തിക മേഖല നേരിടുന്ന കടുത്ത സമ്മർദ്ദത്തിന്റെ പ്രതിഫലനമാണെന്ന് ബാർക്ലേസിലെ ഏഷ്യൻ വിഭാഗം തലവൻ മിതുൽ കൊട്ടെച്ച നിരീക്ഷിക്കുന്നു.
റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബറില്‍ 166 കോടി ഡോളർ പുറത്തേക്ക് പോയി. ഒക്ടോബറില്‍ 167 കോടി ഡോളറും നവംബറില്‍ 446 ദശലക്ഷം ഡോളറും പുറത്തേക്ക് ഒഴുകി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുകയാണെന്ന് മെക്സൈ ഫിനാൻഷ്യൽ സർവീസസ് ഡെപ്യൂട്ടി സിഇഒ റിതേഷ് ബൻസാലി അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് എഎൻഇസഡ് ഫോറെക്സ് സ്ട്രാറ്റജിസ്റ്റ് ധീരജ് നീം മുന്നറിയിപ്പ് നൽകുന്നു. വരും മാസങ്ങളിൽ റിസർവ് ബാങ്കിന്റെ ഇടപെടലുകൾ രൂപയുടെ നിലനില്പിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ ആർബിഐ വിപണിയിൽ ഇടപെടുന്നുണ്ട്. എന്നാൽ രൂപ ഒരു നിശ്ചിത നിലവാരത്തിൽ തന്നെ നിലനിര്‍ത്തുന്നതിന് ആർബിഐയുടെ ശ്രമം ഉണ്ടാകുന്നില്ല. പകരം, മൂല്യം പെട്ടെന്ന് ഇടിഞ്ഞ് വിപണിയിൽ പരിഭ്രാന്തി ഉണ്ടാകാതിരിക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റിലെ സാമ്പത്തിക നയങ്ങളും പ്രഖ്യാപനങ്ങളും രൂപയുടെ മൂല്യം തിരിച്ചുപിടിക്കാൻ സഹായിച്ചേക്കാമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.