മോസ്കോയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഉക്രെയ്നിൽ വ്യോമാക്രമണം ശക്തമാക്കി റഷ്യ. പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കിയുടെ നാടായ കീവി റിയയിൽ റഷ്യ ശക്തമായ മിസൈലാക്രമണമാണ് നടത്തിയത്. കുട്ടികളുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എഴുപതിലേറെ പേർക്ക് മിസൈലാക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. നേരത്തെയും കീവി റിയ നഗരത്തിലെ ജനവാസമേഖലകൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയിരുന്നു.
മിസൈലാക്രമണത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്നു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സെലന്‍സ്കി അറിയിച്ചു. ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കണമെന്ന് ആവശ്യം ശക്തമാക്കി സെലൻസ്കി രംഗത്തെത്തി. ആക്രമണം നിരവധിപേരെ ബാധിച്ചെങ്കിലും ഉക്രെയ്ൻ ജനതയെ പ്രത്യാക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ റഷ്യയുടെ നീക്കങ്ങൾക്കൊന്നുമാകില്ലെന്നും സെലൻസ്കി വ്യക്തമാക്കി. ഖേര്‍സണിലും റഷ്യ ഷെല്ലാക്രമണം ശക്തമാക്കി. മേഖലയിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിർത്തി മേഖലകളിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച മോസ്കോയെ ലക്ഷ്യമിട്ട് ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ നടപടികൾ ശക്തമാക്കിയത്. തലസ്ഥാന നഗരത്തിലെ പ്രധാന കെട്ടിടങ്ങളിൽ രണ്ടെണ്ണം തകരുകയും ചെയ്തു. പിന്നാലെ മോസ്കോ രാജ്യാന്തര വിമാനത്താവളം താല്‍ക്കാലികമായി അടച്ച് റഷ്യ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഉക്രെയ‍്നുമായുള്ള സമാധാന ചർച്ചയെന്ന ആശയം ആര് മുന്നോട്ടുവച്ചാലും തള്ളിക്കളയുന്നില്ലെന്ന് കഴിഞ്ഞദിവസം പുടിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയായിരുന്നു മോസ്കോ ലക്ഷ്യമിട്ടുള്ള ഉക്രെയ്ന്റെ ഡ്രോൺ ആക്രമണം. ഉക്രെയ്ൻ കൂടുതൽ ശക്തി നേടിയെന്നും റഷ്യക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണെന്നുമാണ് സെലന്‍സ്കി ഇതിന് പിന്നാലെ പ്രതികരിച്ചത്.
English Summary; Russia has stepped up airstrikes in Ukraine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.