
ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയിലെയും യുഎസിലെയും ഉന്നത നയതന്ത്രജ്ഞർ സൗദി അറേബ്യയില്‍ യോഗം ചേര്‍ന്നു. കീവിനെ മാറ്റിനിര്‍ത്തിയുള്ള ചര്‍ച്ചകളിലെ ഫലം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്‍കിയിട്ടും ഉക്രെയ‍്ന്‍ പ്രതിനിധികളെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. യൂറോപ്യൻ സഖ്യകക്ഷികളും തങ്ങളെ മാറ്റിനിര്‍ത്തിയതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്നിവര്‍ പങ്കെടുക്കുന്ന യോഗം, യുഎസ്-റഷ്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വഴിത്തിരിവാകുമെന്നും വിലയിരുത്തലുകളുണ്ട്. യോഗത്തിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തിയേക്കും.
യുഎസ്-റഷ്യൻ ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും പുനഃസ്ഥാപിക്കുക, ഉക്രെയ‍്നിലെ ഒത്തുതീര്‍പ്പുകളെക്കുറിച്ച് സാധ്യമായ എല്ലാ മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുക, യുഎസ്-റഷ്യ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച സാധ്യമാക്കുക എന്നിവയിലായിരിക്കും ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്‍കോവ് വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് പുടിന്‍ പലതവണ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പെഷ്‍കോവ് ചൂണ്ടിക്കാട്ടി. യൂറോപ്പിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഗണന നല്‍കാതെ ഉക്രെയ‍്നിലെ സംഘര്‍ഷത്തിന് ദീര്‍ഘകാല ഒത്തുതീര്‍പ്പ് അസാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം ആഗ്രഹിക്കുന്നതിൽ റഷ്യക്കാർ എത്രത്തോളം ഗൗരവമുള്ളവരാണെന്നും വിശദമായ ചർച്ചകൾ ആരംഭിക്കാൻ കഴിയുമോ എന്ന് നിര്‍ണയിക്കുകയുമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
വാഷിങ്ടണും മോസ്കോയും തങ്ങള്‍ക്കനുകൂലമല്ലാത്ത ഒരു കരാറുമായി മുന്നോട്ടുപോയേക്കാമെന്ന ആശങ്കകള്‍ക്കിടയിലും യുഎസിന്റെ നയമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഉക്രെയ‍്നും യൂറോപ്യന്‍ സഖ്യകക്ഷികളും. സൗദിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഉക്രെയ‍്നെ പങ്കെടുപ്പിക്കാത്തത് യൂറോപ്യന്‍ നേതാക്കളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും യുകെയുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. സൗദി ചർച്ചയിൽ പങ്കെടുത്തില്ലെങ്കിലും, യഥാർത്ഥ സമാധാന ചർച്ചകളിൽ ഉക്രെയ‍്ന്‍ ഉള്‍പ്പെടുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന വിശദീകരണം. ജോ ബൈഡന്റെ ഭരണകാലത്ത് ഉക്രെയ‍്നെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍ഗണന. യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കും ബെെഡന്‍ ഭരണകൂടം നേതൃത്വം നല്‍കിയിരുന്നു.
അതേസമയം, ചര്‍ച്ചയില്‍ നിന്ന് യൂറോപ്പിനെ ഒഴിവാക്കിയെന്ന ആരോപണം വെെറ്റ് ഹൗസ് എതിര്‍ത്തു. ഭരണകൂട ഉദ്യോഗസ്ഥര്‍ നിരവധി യൂറോപ്യന്‍ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും വെെറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
പാരിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം ട്രംപുമായും സെലന്‍സ്കിയുമായും ഫോണില്‍ സംസാരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. ഉക്രെയ‍്നില്‍ ശാശ്വതവും ശക്തവുമായ ഒരു സമാധാനമാണ് ആവശ്യപ്പെടുന്നത്. ഈ ലക്ഷ്യം കെെവരിക്കുന്നതിന് റഷ്യ ആക്രമണം അവസാനിപ്പിക്കണം. അതോടൊപ്പം ഉക്രെയ‍്ന് വിശ്വസനീയമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കണമെന്നും മക്രോണ്‍ വ്യക്തമാക്കി. ഇതിനുവേണ്ടി യൂറോപ്പും അമേരിക്കയും ഉക്രെയ‍്നും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൗദി തലസ്ഥാനമായ റിയാദിലെ ദിരിയ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ച പ്രധാന നയതന്ത്ര മധ്യസ്ഥരാകാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശ്രമങ്ങളെയും എടുത്തുകാട്ടുന്നു. മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് സൗദി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. യുഎഇയെ പോലെ ഒപെക് ഓയില്‍ കാര്‍ട്ടല്‍ വഴിയും നയതന്ത്രപരമായും ഉക്രെയ്‌നിനെതിരായ യുദ്ധത്തിലുടനീളം മുഹമ്മദ് ബിന്‍ സല്‍മാന്‍ റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ട്. റഷ്യയിലെയും ഉക്രെയ‍്നിലെയും തടവുകാരുടെ കെെമാറ്റ ചര്‍ച്ചകളിലും സൗദിയുടെ ഇടപെടലുണ്ടായി. 2023ലെ അറബ് ലീഗ് ഉച്ചകോടിയില്‍ സെലന്‍സ്കിയേയും ക്ഷണിച്ചിരുന്നു. ഈ ആഴ്ച അവസാനം സൗദിയിലേക്ക് പോകുമെന്നാണ് സെലന്‍സ്കി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.