ഉക്രെയ്‌നില്‍ സൈനിക നടപടി കൂടുതല്‍ ക്രൂരമാക്കി റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ ജനവാസ മേഖലകളിലും പാര്‍പ്പിടങ്ങള്‍ക്കും നേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി ഉക്രെയ്ന്‍ ആരോപിച്ചു. കീവിൽ നിന്ന് 140 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഷെറ്റോമിര്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് ആളപായമുണ്ടായതായി ഉക്രെയ്‌ൻ എമർജൻസി സർവീസ് അറിയിച്ചു. ഇര്‍പെനിലെ ജനവാസ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പിഞ്ചുകുട്ടികളടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഓവ്‌റൂച്ച് നഗരത്തിൽ നടന്ന ആക്രമണത്തിൽ 15 വീടുകൾ തകർന്നതായും അധികൃതര്‍ പറഞ്ഞു. വിനീഷ്യ വിമാനത്താവളം റഷ്യന്‍ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു.
സ്റ്റാറോകോസ്റ്റിയാന്റിനിവ് സൈനിക വ്യോമതാവളത്തിനുനേര്‍ക്കും ആക്രമണമുണ്ടായി. ദീര്‍ഘദൂരത്ത് നിന്ന് വളരെ കൃത്യതയോടെ പ്രയോഗിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. വ്യോമതാവളം പ്രവര്‍ത്തനരഹിതമാക്കിയതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ച റഷ്യ മരിയുപോളിലും കീവിലും കര്‍കീവിലും ശക്തമായ ആക്രമണം തുടരുകയാണ്. സുപ്രധാന തുറമുഖ നഗരമായ ഒഡേസയിലേക്ക് റഷ്യന്‍ സേന അടുക്കുകയാണ്. ഇതിന്റെ ഫലമായി ഷെല്ലാക്രമണം റഷ്യ ശക്തിപ്പെടുത്തി. വടക്ക് നിന്ന് കീവിലേക്ക് വന്നിരുന്ന വിശാലമായ സായുധ വാഹനവ്യൂഹം വലിയ തോതിൽ മുന്നോട്ടുനീങ്ങിയിട്ടില്ല.
പകരം മറ്റ് മേഖലകള്‍ പിടിച്ചടക്കുക എന്നതാണ് റഷ്യന്‍ സേനയുടെ സൈനികതന്ത്രം. പ്രധാനമായും ഉക്രെയ്‌നിലെ സൈനിക സൗകര്യങ്ങളെത്തന്നെയാണ് റഷ്യന്‍ ആക്രമണം ലക്ഷ്യമിടുന്നത്. റഷ്യൻ സൈന്യം രണ്ട് ആണവ നിലയങ്ങൾ പിടിച്ചെടുത്തെന്നും മൂന്നാമത്തേതിലേക്ക് നീങ്ങുകയാണെന്നും ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. മൈക്കോളൈവിൽ നിന്ന് 120 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന യുഷ്‌നൂക്രെയ്ൻസ്ക് ആണവ നിലയമാണ് നിലവിൽ ഭീഷണി നേരിടുന്ന മൂന്നാമത്തെ പ്ലാന്റെന്ന് സെലൻസ്‌കി പറഞ്ഞു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഉക്രെയ്‌നിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു. അതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധവിരുദ്ധറാലികള്‍ നടന്നു. പ്രതിഷേധിച്ച 1700 പേരെ മോസ്കോയിലും 750 പേരെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലും അറസ്റ്റ് ചെയ്തു. റഷ്യയിലെ 49 നഗരങ്ങളുള്‍പ്പെടെ ലോകത്തെ പല കേന്ദ്രങ്ങളിലും പ്രകടനങ്ങളുണ്ടായെന്ന് ഒവിഡി ഇന്‍ഫോഎന്ന സംഘടന അറിയിച്ചു.
english summary; Russian invasion of populated areas
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.