18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

January 16, 2024
January 13, 2024
December 30, 2023
November 20, 2023
November 20, 2023
June 5, 2023
October 2, 2022
September 15, 2022
May 22, 2022
March 16, 2022

റഷ്യന്‍ എണ്ണ ഇറക്കുമതി വീണ്ടും കൂടി; 40 ശതമാനത്തിലധികം ഇന്ത്യയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2023 10:29 pm

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ ഡിസംബറില്‍ മുന്‍ മാസത്തെക്കാള്‍ മൂന്ന് ശതമാനം വര്‍ധന. ഈ മാസം ഇന്ത്യ പ്രതിദിനം 1.52 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. നവംബറില്‍ ഇത് 1.48 ദശലക്ഷം ബിപിഡി ആയിരുന്നുവെന്ന് വോര്‍ടെക്സ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിസംബറില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 0.2 ശതമാനം വിതരണം ചെയ്തിരുന്ന റഷ്യ, ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം രാജ്യത്തേക്കുള്ള ഏറ്റവും വലിയ വിതരണക്കാരായി ഉയരുകയായിരുന്നു. യൂറോപ്യന്‍ യൂണിയനും യുഎസും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്കും ചൈനയ്ക്കും കുറഞ്ഞ നിരക്കില്‍ എണ്ണ നല്‍കാന്‍ തയ്യാറാവുകയായിരുന്നു. 

ഈ വര്‍ഷത്തെ ആകെ എണ്ണ കയറ്റുമതിയില്‍ അഞ്ച് ശതമാനം വരെ കുറവുണ്ടായതായി കഴിഞ്ഞദിവസം റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് അറിയിച്ചിരുന്നു. രാജ്യത്തിന്റെ ആകെ കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 40–45 ശതമാനം കയറ്റുമതി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇത് ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം അഞ്ച് ശതമാനത്തില്‍ താഴെയായെന്നും അദ്ദേഹം അറിയിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ഇന്ത്യയിലേക്കുള്ള വരവില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിലയിലെ സൗജന്യം കുറച്ചതാണ് പ്രധാന കാരണം. വിനിമയ പ്രശ്‌നങ്ങളും ക്രൂഡ് ഓയില്‍ വ്യാപാരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഡിസംബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി പ്രതിദിനം 4.44 ദശലക്ഷം ബാരല്‍ ആയിരുന്നു.

വിലയില്‍ 10 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: അസംസ്കൃത എണ്ണവിലയില്‍ ഈ വർഷം ഏകദേശം 10 ശതമാനം ഇടിവ്. 2020 മുതൽ വാർഷികാടിസ്ഥാനത്തിലെ ഏറ്റവും കുറഞ്ഞവിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ക്രൂഡ് ഓയിൽ വിലയിലെ ഏറ്റവും ഉയർന്ന നിലവാരം കണക്കിലെടുത്താല്‍ 20 ശതമാനം ഇടിവും രേഖപ്പെടുത്തി. എന്നാല്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് വിലക്കുറവിന്റെ ഗുണം ലഭിച്ചിട്ടില്ല.
2023ലെ അവസാന വ്യാപാര ദിവസമായ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 77.33 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ബാരലിന് 71.88 ഡോളര്‍ വരെയെത്തിയിരുന്നു.
ഉക്രെയ്ന്‍, ഹമാസ് സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ നടപ്പാക്കിയ നയങ്ങൾ തുടങ്ങിയവയെല്ലാം വില കുറയുന്നതിന് ഇടയാക്കി. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുൻകയ്യെടുത്ത് ക്രൂഡ് ഉല്പാദനം കുറച്ച്, ഓയിൽ വില ഉയർത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സഹായകമായില്ല. 

Eng­lish Sum­ma­ry: Russ­ian oil imports rise again; More than 40 per­cent to India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.