
ന്യൂഡല്‍ഹി: 23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുതിന്‍ ഇന്ത്യയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം 6.35‑നാണ് റഷ്യന്‍ പ്രസിഡന്റിനെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021‑ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. റഷ്യ‑യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.
ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ എത്തിയിരുന്നു. വിദേശ നേതാവിനെ വിമാനത്താവളത്തില്‍ പോയി സ്വീകരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ അപൂര്‍വ നയതന്ത്ര നീക്കം, ഈ സന്ദര്‍ശനത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. നിരവധി ബിസിനസ് നേതാക്കളുടെ ഒരു വലിയ പ്രതിനിധി സംഘവും പുതിനെ അനുഗമിക്കുന്നുണ്ട്.
പുതിന് വേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പുതിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റിനായി ഒരു വര്‍ക്കിംഗ് ലഞ്ച് ഒരുക്കും. അതിനുശേഷം, നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിനിധി ചര്‍ച്ചകള്‍ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.