19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024
March 25, 2024

റഷ്യയുടെ സൈനിക നടപടിയും പിന്തുണയ്ക്കുള്ള കളവും

വത്സൻ രാമംകുളത്ത്
April 22, 2022 7:00 am

ഉക്രെയ്‌നിലെ സൈനിക നടപടി വലിയ ദുരന്തമാണ് സൃഷ്ടിച്ചതെന്ന് റഷ്യ ലോകത്തോട് പറഞ്ഞിരുന്നു. ‘ഞങ്ങളുടെ സൈനികര്‍ക്ക് കാര്യമായ നഷ്ടമുണ്ട്, മരണസംഖ്യ ഉയരുകയാണ്’, ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആശങ്കപ്പെടുന്നത് ഗൗരവത്തോടെ നിരീക്ഷിക്കുകയായിരുന്നു ലോകം. ഒപ്പം ഉക്രെയ്‌നിലെ റഷ്യന്‍ അനുകൂലമേഖലയായ ഡൊണട്സ്കിലെ ഔദ്യോഗിക പ്രതിനിധി എഡ്വേര്‍ഡ് അലക്‌സാന്‍ഡ്രോവിച്ച് ബസുറിന്റെ വെളിപ്പെടുത്തലുകളും. ഡൊണട്സ്കില്‍ റഷ്യക്കെതിരെ ആക്രമണം ലക്ഷ്യമിട്ട് ഉക്രെയ്‌ന്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സൈന്യത്തെ വിന്യസിച്ചുവെന്നായിരുന്നു ബസുറിന്റെ പ്രസ്താവന. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടല്‍ ഇന്ന് റഷ്യക്കാണ് ഭീഷണി ഉയര്‍ത്തുന്നതെങ്കില്‍ നാളെ അത് ഇന്ത്യക്കുനേരെ തിരിയുമെന്നും ബസുറിന്‍ സൂചന നല്‍കിയിരുന്നു. ലോകത്തിന്റെ ചില സംശയങ്ങള്‍ ബലപ്പെടുന്ന ചിത്രമാണ് യുദ്ധഭൂമിയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്. റഷ്യയോട് ചേര്‍ന്നുകിടക്കുന്ന യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ് പോലും അധിനിവേശ ഭീഷണിയിലാണ്. റഷ്യയുടെ മുന്നറിയിപ്പുകള്‍ക്ക് മുമ്പില്‍ അവര്‍ ഭയന്നുതുടങ്ങിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉക്രെയ്‌നികള്‍ ദിനേന മരിച്ചുവീഴുന്നു. മരിയുപോളില്‍ സ്ഫോടനങ്ങളില്ലാത്ത ദിവസങ്ങളില്ലെന്നുതന്നെ പറയാം. ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടി രണ്ട് മാസത്തോടടുക്കുകയാണ്. ഫെബ്രുവരി 24നാണ് സൈനിക നടപടി എന്ന പേരില്‍ റഷ്യ ഉക്രെയ്‌നില്‍ ആക്രമണം തുടങ്ങിയത്. ഉക്രെയ്‌നെ ആയുധരഹിതമാക്കുന്നതിനുള്ള നടപടി എന്ന നിലയ്ക്കായിരുന്നു റഷ്യയുടെ മുന്നേറ്റം. എന്നാല്‍ നഗരങ്ങളിലും ചില ഉള്‍പ്രദേശങ്ങളിലും നടത്തിയ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ഉക്രെയ്‌നികള്‍ കൊല്ലപ്പെട്ടു. അനേകം ഉക്രെയ്‌ന്‍ സൈനികരുടെയും ജീവന്‍ നഷ്ടമായി. നിലവില്‍ ഉക്രെയ്‌ന്‍ സൈനികരുടെ എണ്ണം ആറിലൊന്നായി കുറഞ്ഞെന്നാണ് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ ഒടുവിലത്തെ വെളിപ്പെടുത്തല്‍. യുദ്ധം കനത്ത തുറമുഖപട്ടണമായ മരിയുപോള്‍ പൂര്‍ണമായും റഷ്യ കീഴടക്കിയെന്നാണ് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറയുന്നത്. ‘ഏപ്രില്‍ 21ന് മരിയുപോളിനെ വിജയകരമായി വിമോചിതമാക്കി’ എന്നായിരുന്നു പുടിന്റെ വാക്കുകള്‍. അസോവ് കടല്‍ത്തീരത്തെ അവോസ്റ്റല്‍ ഉരുക്കുനിര്‍മ്മാണശാല ഉക്രെയ്‌ന്‍ സൈനികരും പ്രദേശവാസികളും ഒളിത്താവളമാക്കിയിരുന്നു. ഇവിടെനിന്നും സെെനികര്‍ക്ക് കീഴടങ്ങാന്‍ റഷ്യ നല്‍കിയിരുന്ന ആദ്യ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിച്ചു. സാധാരണക്കാരെ ഒഴിപ്പിക്കാനും സെെനികര്‍ക്ക് കീഴടങ്ങാനും ഒരിക്കല്‍ക്കൂടി അവസരം നല്‍കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. മരിയുപോളിലുള്ള സെെനികന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നത്, അവസാന നാളുകളെ അഭിമുഖീകരിക്കുന്നുവെന്നാണ്. പരിക്കേറ്റ 500 ഉക്രെയ്ന്‍ സെെനികരും നൂറോളം സാധാരണക്കാരുമാണ് മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. മരിയുപോളില്‍ തോല്‍വി സമ്മതിച്ച് ഉക്രെയ്‍ന്‍ കീഴടങ്ങുമെന്ന് വിലയിരുത്തിയാണ് മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനുപിറകെയാണ് ഇന്നലെ മരിയുപോള്‍ കീഴടക്കിയെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, നേരത്തെ റഷ്യനടത്തിയ വിലാപം എന്തിനുവേണ്ടിയായിരുന്നു എന്നതാണ് സംശയം.


ഇതുകൂടി വായിക്കാം; റഷ്യ‑ഉക്രെയ്‌ന്‍; അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല


ആക്രമണങ്ങള്‍ കടുപ്പിക്കുന്നതിനൊപ്പം ഒറ്റപ്പെടലില്‍ നിന്ന് മുക്തിനേടുവാനുമുള്ള തന്ത്രങ്ങളാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഉക്രെയ്‌നുമായുള്ള യുദ്ധത്തിനെതിരെ ലോകരാജ്യങ്ങള്‍ പലതും നിലപാട് കടുപ്പിക്കുമ്പോള്‍ തങ്ങളുമായി കച്ചവട ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന ഇന്ത്യക്ക് ജാഗ്രത നല്‍കിയതുപോലും റഷ്യയുടെ തന്ത്രമാണ്. ഇക്കാരണത്താല്‍ തന്നെ സൈനിക നഷ്ടത്തിന്മേലുള്ള റഷ്യയുടെ കണക്കുപറച്ചിലും മുതലക്കണ്ണീരും ചതിയുടെ മറ്റൊരുവശമെന്ന് നിസംശയം പറയാം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, രണ്ട് മാസത്തിനിടെ 10 ദശലക്ഷത്തിലധികം ആളുകൾ ഉക്രെയ്‌നിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചിട്ടുണ്ട്. 4.3 ദശലക്ഷം ആളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 6.5 ദശലക്ഷം ആളുകൾ യുദ്ധത്തിൽ തകർന്ന രാജ്യത്തിനുള്ളിൽ തന്നെ കുടിയിറക്കപ്പെട്ടതായും പറയുന്നു. എന്നാല്‍ ഡൊണട്സ്ക് മേഖലയില്‍ റഷ്യന്‍ വംശജരായ ആയിരങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് എഡ്വേര്‍ഡ് അലക്‌സാന്‍ഡ്രോവിച്ച് ബസുര്‍ പറയുന്നത്. ഇവിടങ്ങളില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ ഉക്രെയ്‌നികള്‍ ശത്രുക്കളായി കാണുന്നു. അവരുടെ ആക്രമണത്തില്‍ നിരവധി നഗരങ്ങള്‍ തകര്‍ന്നടിഞ്ഞു. മാത്രമല്ല, ലോകത്താകമാനം റഷ്യന്‍ കമ്പനികള്‍‍ ഉപരോധം നേരിടുന്നു. റഷ്യന്‍ നേതാക്കളും പ്രതിരോധത്തിലാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പുറത്താക്കപ്പെട്ടു. നയന്ത്രതലത്തിലും വന്‍ തിരിച്ചടികള്‍‍ നേരിടുന്ന രാജ്യമായി റഷ്യമാറി. പാശ്ചാത്യ ഉപരോധംമൂലം മൂന്ന് പതിറ്റാണ്ടിനുള്ളില്‍ തങ്ങള്‍ ഏറ്റവും ദുരിതപൂര്‍ണമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുപോലും റഷ്യ ഒരുവേള വിലപിച്ചു. റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ തന്നെയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തിയെന്നതും (ഏപ്രില്‍ ഏഴിലെ ‘യുഎസ് ന്യൂസ്’ റിപ്പോര്‍ട്ട്) അമ്പരപ്പിക്കുന്നതാണ്. ഇതിനുവിപരീതമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പ്രസ്താവനകളെന്നതും സംശയങ്ങളെ ബലപ്പെടുത്തുന്നു. റഷ്യയും കനത്ത തിരിച്ചടികള്‍ നേരിട്ടിരുന്നു എന്ന് വിശ്വസിച്ചുപോകണം. അതിലാണ് ഇപ്പോള്‍ അവരുടെ ഉന്നം. കീവ് കീഴടക്കാന്‍ കഴിയാതെ സേന കിഴക്കന്‍ മേഖലയിലേക്ക് പിന്‍വാങ്ങിയതായാണ് പുതിയ വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണത്തിന് റഷ്യ മുതിര്‍ന്നിട്ടില്ലെന്നത് സംശയം ജനിപ്പിക്കുന്നു. ഉക്രെയ്‌നിലെ യുദ്ധം തുടക്കത്തില്‍ റഷ്യക്കുണ്ടാക്കിയ ആവേശം പല സമയത്തും കെട്ടടങ്ങിയിരുന്നുവെന്ന് ധ്വനിപ്പിക്കും വിധമുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. യുദ്ധത്തിന് വേണ്ടത്ര വേഗം പോരെന്ന് നേരത്തെത്തന്നെ അവര്‍ വെളിപ്പെടുത്തിയിരുന്നു. മരണഭീതി പോലും റഷ്യ മാലോകര്‍ക്കുമുന്നില്‍ പറയുന്നത് ആദ്യമായിട്ടായിരുന്നു. ഇതും ഒരു തന്ത്രമാണെന്നു കരുതുന്നതില്‍ തെറ്റില്ല. യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഒരിക്കല്‍പ്പോലും റഷ്യ സൈനിക നഷ്ടത്തെ ഇത്തരത്തില്‍ സമീപിച്ചിരുന്നില്ല. തങ്ങളുടെ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഉക്രെയ്‌നാണ് കനത്ത നഷ്ടം സംഭവിക്കുന്നതെന്നും ആയിരുന്നു തുടക്കനാളുകളില്‍ റഷ്യ ആവര്‍ത്തിച്ചിരുന്നത്. ഇതിനെ ഉക്രെയ്‌ന്‍ അംഗീകരിച്ചുപോരുന്നതാണ് ആദ്യം കണ്ടതും.


ഇതുകൂടി വായിക്കാം; നാറ്റോ വേണ്ട, സമാധാനവും ലോകക്രമവും നിലനില്‍ക്കണം


തങ്ങളുടെ സൈനികരെയും തദ്ദേശീയരെയും റഷ്യ കൊന്നൊടുക്കുന്നുവെന്ന് ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി പലകുറി പറഞ്ഞുകൊണ്ടേയിരുന്നു. ലോക രാജ്യങ്ങള്‍, പ്രത്യേകിച്ച് പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന് ഒരുപക്ഷെ ഇത് കാരണമായെന്ന് പറയാം. ഈ സാഹചര്യത്തിലായിരുന്നു റഷ്യ പ്രതിസന്ധിയും സൈനിക നഷ്ടവും ഉയര്‍ത്തിക്കാട്ടിയത്. ഉക്രെയ്‌നിന്റെ 65 ശതമാനത്തിലേറെയും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് മരണക്കണക്ക് നിരത്തുന്നതിനിടെ ഡൊണട്സ്കിലെ ഔദ്യോഗിക പ്രതിനിധി എഡ്വേര്‍ഡ് അലക്‌സാന്‍ഡ്രോവിച്ച് ബസുര്‍ അവകാശപ്പെട്ടിരുന്നത്. ഉക്രെയ്‌നിന്റെ വടക്ക്, തെക്ക് മേഖലകളില്‍ മാത്രമാണ് അവരുടെ നിയന്ത്രണം ശേഷിക്കുന്നുള്ളൂവെന്നും ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബസുര്‍ പറഞ്ഞത്. ഉക്രെയ്‌ന്‍ സൈനികര്‍ ശക്തരാണെന്ന് സമ്മതിക്കുന്ന അദ്ദേഹം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രവുമായി ബന്ധപ്പെടുത്തി അവരുടെ വളര്‍ച്ചയെ വര്‍ണിക്കുകയും ചെയ്തു. ‘ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ ചെറുത്തുനില്‍ക്കുമ്പോള്‍ അവരുടെ പക്കല്‍ ആയുധങ്ങളോ തന്ത്രങ്ങളോ യുദ്ധപരിചയമോ ഉണ്ടായിരുന്നില്ല. എന്നാല്‍ പോരാട്ടം ആരംഭിച്ചപ്പോള്‍ സ്വാതന്ത്ര്യം നേടുക എന്നത് സാധ്യമാണെന്ന് ഇന്ത്യക്കാര്‍ മനസിലാക്കി. ജനങ്ങളും അവരുടെ വിശ്വാസവും ശക്തമാണെന്ന് ഇന്ത്യക്കാര്‍ തെളിയിച്ചു. അതുതന്നെയാണ് ഉക്രെയ്‌നിലും സംഭവിക്കുന്നത്’. അഭിമുഖത്തില്‍ ബസുര്‍ പറയുന്നു. റഷ്യന്‍ അധികാരികള്‍ ഈവിധം രണ്ട് തരത്തില്‍ യുദ്ധസാഹചര്യത്തെ സമീപിക്കുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ മുന്നോട്ടുവച്ച് ലക്ഷ്യങ്ങള്‍ പക്ഷെ അതിനെല്ലാം ഉത്തരവുമാണ്, ഉക്രെയ്‌നിന്റെ നിരായുധീകരണവും നാസിമുക്തവും. രണ്ടും സാധ്യമായില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും പോലെയോ ഇന്ത്യയും ചൈനയും പോലെയോ ആയിമാറുമെന്നാണ് റഷ്യ ഉദാഹരിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ അഞ്ച് ശതമാനമെങ്കിലും തങ്ങളെ സഹായിക്കാനെത്തിയാല്‍ തങ്ങള്‍ വിജയിക്കുമെന്നും റഷ്യ ആവര്‍ത്തിക്കുന്നു. അന്ന് യുദ്ധം അവസാനിക്കുമെന്നും അവര്‍ പറയുന്നു. റഷ്യന്‍ ഇന്ധനം ഇന്ത്യയിലേക്ക് മുറതെറ്റാതെ എത്തുന്നു എന്നത് അവര്‍ രാഷ്ട്രീയമായി തന്നെയാണ് കാണുന്നത്. യുദ്ധത്തിലെ ഉറ്റതോഴരാക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഉക്രെയ്‌നിലെ തങ്ങളുടെ സൈനിക നടപടിയില്‍ ഇന്ത്യന്‍ ഭരണകൂടം സ്വതന്ത്രമായ നിലപാട് തുടരുന്നതിനെയും റഷ്യ തുണയായി കാണുന്നു. യുഎന്‍ രക്ഷാസമിതിയിലും ഇന്ത്യ റഷ്യക്കെതിരെ നിഷ്പക്ഷനിലപാടാണ് സ്വീകരിച്ചതും. ഇന്ത്യന്‍ ഭരണകൂടത്തിന്റെ കച്ചവട താല്പര്യവും സ്വന്തം ജനതയോടുള്ള വെറുപ്പും റഷ്യ ആയുധമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.