19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 8, 2024
June 18, 2024
February 22, 2024
January 12, 2024
September 16, 2023
August 22, 2023
August 14, 2023
June 27, 2023
June 17, 2023

ശബരി വെളിച്ചെണ്ണയില്‍ മാലിന്യമെന്ന പ്രചാരണം വാസ്തവവിരുദ്ധം: റോയല്‍ എഡിബിള്‍ കമ്പനി

Janayugom Webdesk
കൊച്ചി
January 12, 2023 5:35 pm

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലും മാലിന്യവും കണ്ടെത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ഉല്‍പാദകരായ റോയല്‍ എഡിബിള്‍ കമ്പനി അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ തങ്ങളുടെ സ്ഥാപനത്തെയും ഉത്പന്നത്തെയും സപ്ലൈക്കോയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢ ശ്രമങ്ങളുടെ ഭാഗമാണെന്ന് തൃശൂര്‍ ആസ്ഥാനമായ റോയല്‍ എഡിബിള്‍ കമ്പനി അധികൃതര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2022 നവംബര്‍ 29, 30 തീയതികളില്‍ ചില പത്ര, ദൃശ്യ മാധ്യമങ്ങളില്‍ ശബരി വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പന്നം വിപണിയില്‍ നിന്ന് തിരിച്ചു വിളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് റോയല്‍ എഡിബിള്‍ കമ്പനി കേരള ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ ഉല്‍പന്നം പരിശോധനകള്‍ക്കയക്കുകയും ചെയ്തിരുന്നു. ഈ പരിശോധനകളിലെല്ലാം ശബരി വെളിച്ചെണ്ണയുടെ ഗുണനിലവാരം തെളിഞ്ഞതായി കമ്പനി അധികൃതര്‍ പറഞ്ഞു.

‘ഇരുപത് വര്‍ഷമായി വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. വര്‍ഷങ്ങളായി സപ്ലൈക്കോ വഴിയും വിതരണം നടത്തുന്നു. അടുത്തിടെ ഞങ്ങള്‍ക്കെതിരായി വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത ബാച്ചിലെയും മറ്റു ബാച്ചുകളിലെയും സാമ്പിളുകള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (NABL) അംഗീകാരമുള്ള ലാബുകളിലും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിലുള്ള കീഴിലുള്ള റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലും പരിശോധിക്കുകയും ഉല്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിര്‍ദേശാനുസരണം മാധ്യമ വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്ന ബാച്ചിലെ സാമ്പിളുകള്‍ കൊച്ചിയിലെ നിയോജന്‍ ലാബിലും റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലും പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകളിലും എണ്ണയുടെ ഗുണനിലവാരം മികച്ചതും ആരോഗ്യപ്രദവും എന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഈ സംഭവത്തില്‍ നിന്നും ചില കുബുദ്ധികള്‍ ഞങ്ങളെയും ശബരി ബ്രാന്‍ഡിനെയും സപ്ലൈക്കോയെയും താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കുന്നു,’ കമ്പനി അധികൃതര്‍ പറഞ്ഞു.

അഗ്മാര്‍ക് ഡിപാര്‍ട്‌മെന്റിന്റെ നിയമനത്തിലുള്ളതും അവരുടെ പരിശീലനം പൂര്‍ത്തിയാക്കിയതുമായ കെമിസ്റ്റിന്റെ സേവനം തങ്ങളുടെ ഗ്രേഡ് 1 ലാബില്‍ മുഴുവന്‍ സമയവും ലഭ്യമാണെന്നും ഓരോ ബാച്ചും വിതരണം ചെയ്യുന്നതിന് മുമ്പ് സാമ്പിളുകള്‍ എന്‍എബിഎല്‍ അംഗീകാരമുള്ള ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്താറുണ്ടെന്നും കമ്പനി അറിയിച്ചു. ഭക്ഷ്യ, പൊതുവിതരണ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ സപ്ലൈക്കോ റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പ്രസ്തുത ലാബിന് മിനറല്‍ ഓയിലിന്റെയോ മാലിന്യത്തിന്റെയോ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്താനുള്ള എന്‍എബിഎല്‍ അംഗീകാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

തൃശൂര്‍ അന്നമനട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പ്രതിദിനം 200 ടണ്‍ കൊപ്ര ഉണക്കാനും 60 ടണ്‍ ക്രഷ് ചെയ്യാനും 300 ടണ്‍ ഓയില്‍ പാക്കു ചെയ്യാനും ശേഷിയുണ്ട്. ആഭ്യന്തര വിപണിക്കു പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതിയുമുണ്ട്. പ്രതിമാസം ഏഴ് കണ്ടെയ്‌നര്‍ ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കര്‍ശനമായ ഗുണനിലവാര പരിശോധനകളുള്ള രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി തന്നെ കമ്പനിയുടെ ഉന്നത ഗുണനിലവാരത്തിനുള്ള തെളിവാണെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.

Eng­lish Summary:Sabari coconut oil fake news: Roy­al Edi­ble Company
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.