
അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ 50% ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997–98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എട്ട് കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴ് കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90% വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്. ശബരി പദ്ധതിക്കായി 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാൻ 1361 കോടി രൂപയും നിർമ്മാണ പ്രവർത്തനത്തിന് 2,439.93 കോടി രൂപയും ചെലവ് വരും.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികാരികൾക്ക് നിര്‍ദേശം നൽകി. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. സംസ്ഥാനത്തെ ദേശീയപാതാ പദ്ധതിക്കും 5,580 കോടി രൂപ കിഫ്ബി വഴി സർക്കാർ അനുവദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.