22 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 26, 2025
August 24, 2025
July 13, 2025
June 28, 2025

ശബരി റെയിൽപാത: എന്തിനാണ് കേരളത്തെ ദ്രോഹിക്കുന്നത്?

Janayugom Webdesk
December 19, 2024 5:00 am

റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ എങ്ങനെയാണ് കേന്ദ്രം കാലാകാലങ്ങളായി കേരളത്തെ അവഗണിച്ചതെന്ന് പരിശോധിച്ചാൽ രണ്ട് പ്രധാന പദ്ധതികളെ മുൻനിർത്തി കടുത്ത വിമർശനം ഉന്നയിക്കാൻ കഴിയും. അതിലൊന്ന് ശബരി റെയിൽപാതയാണ്. മറ്റൊന്ന് നിലമ്പൂർ‑നഞ്ചൻകോട് പാതയും. ശബരി റെയിൽപാത പ്രാരംഭനടപടികളെല്ലാം പൂർത്തിയാക്കി നിർമ്മാണം തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതാണ്. ശബരി പാത അങ്കമാലി മുതൽ കാലടിവരെ ഏഴുകിലോമീറ്റർ റെയിൽപാളം നിർമ്മാണം പൂർത്തിയാവുകയും പെരിയാറിന് കുറുകെ പാലം നിർമ്മിക്കുകയും ചെയ്തതിന് ശേഷമാണ് നിലച്ചുപോയത്. കാൽനൂറ്റാണ്ടുകാലമായി കേരളം കേന്ദ്രത്തിന്റെയും റെയിൽവേമന്ത്രാലയത്തിന്റെയും കാരുണ്യം കാത്തിട്ടും ഇതുവരെ പച്ചക്കൊടികാട്ടാൻ അവർ തയ്യാറായില്ല. തുടക്കത്തിൽ 550 കോടിരൂപയാണ് ചെലവ് കണക്കാക്കിയത്. ഇപ്പോൾ ഒറ്റവരി പാതയായി നടപ്പിലാക്കാൻ 3,800 കോടി രൂപ ആവശ്യമാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണന മാത്രമല്ല വലിയ സാമ്പത്തിക ബാധ്യതകൂടി സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണെങ്കിലും എൽഡിഎഫ് സർക്കാർ ബാധ്യതകൾ ഏറ്റെടുത്ത് പാത പൂർത്തീകരിക്കാൻ സന്നദ്ധമായിരിക്കുകയാണ്. 

കേരളത്തിന് അർഹമായ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുന്ന കേന്ദ്രസർക്കാർ തന്നെ ശബരി പദ്ധതിക്ക് ജീവൻവയ്പിക്കാൻ പദ്ധതിച്ചെലവിന്റെ പാതിത്തുക സംസ്ഥാനം വഹിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്. ഈ നിബന്ധനയ്ക്കും 2021ൽ തന്നെ കേരളം സമ്മതം നൽകി. അന്ന് 2,815 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. വീണ്ടും മൂന്നുകൊല്ലം കൂടി ഈ പദ്ധതി പൂട്ടിക്കെട്ടി. അപ്പോഴേക്കും ചെലവിൽ വീണ്ടും 1000 കോടി രൂപയുടെ വർധനവുണ്ടായി. പദ്ധതി നടപ്പിലാക്കാനുള്ള അവസാനത്തെ ശ്രമമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന് കിഫ്ബി വഴി ചെലവിന്റെ പകുതിത്തുകയായ 1,900 കോടി രൂപ കണ്ടെത്താമെന്ന തീരുമാനത്തിലെത്തിയത്. ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. 

1997–98ലെ ബജറ്റിലാണ് അങ്കമാലി — എരുമേലി 110 കിലോമീറ്റർ ശബരി റെയിൽവേ പാതയ്ക്ക് അനുമതി ലഭിക്കുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് 264 കോടി രൂപ ചെലവഴിച്ച് എട്ടുകിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയാക്കി. ഏഴു കിലോമീറ്റർ റെയിൽപാത നിർമ്മാണവും നടന്നു. രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടമായി 70 കിലോമീറ്റർ റെയിൽപാത നിർമ്മിക്കാൻ സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സർവേ പൂർത്തിയാക്കി കല്ലുകൾ നാട്ടി. ഇതിനിടെയാണ് 2019 സെപ്റ്റംബറിൽ പദ്ധതി മരവിപ്പിച്ചതായി അറിയിപ്പുണ്ടാകുന്നത്. 2,862 കുടുംബങ്ങളിൽ നിന്നാണ് രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാൻ സർവേ നടത്തി കല്ലുകൾ നാട്ടിയത്. അനിശ്ചിതത്വത്തിലായതിനാൽ ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം
ലഭ്യമായില്ലെന്ന് മാത്രമല്ല ഏറ്റെടുത്ത ഭൂമിയിൽ ഒന്നും ചെയ്യാനാകാതെ ജനങ്ങൾ വലയുകയുമാണ്. 

ശബരി റെയിൽ എങ്ങുമെത്താതെ കിടക്കുന്ന അവസ്ഥയിലാണ് എൽഡിഎഫ് സർക്കാർ ഇതിന് ജീവൻവയ്പിച്ച് പദ്ധതി പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതേക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നതിനിടയിൽ തന്നെ ഇടങ്കോലുമായി റെയിൽവേ വീണ്ടും രംഗത്തെത്തി. ശബരി പാത ഇരട്ടലൈനായി നിർമ്മിക്കണമെന്നാണ് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം കത്തുനൽകിയത്. ഇരട്ടലൈൻ നിർമ്മിക്കാൻ കുറഞ്ഞത് 10,000 കോടി ചെലവുവരുമെന്ന് കണക്കാക്കുന്നു. അതിനർത്ഥം പകുതിത്തുകയായ 5000 കോടി കേരളം കണ്ടെത്തേണ്ടി വരുമെന്നാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഒറ്റവരി പാതയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ശബരി റെയിൽപാത കേരളത്തിന്റെ ദീർഘകാല സ്വപ്നമാണത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന ശബരിമലയിലേക്ക് റെയിൽവേ സൗകര്യം വരുന്നതോടെ കൂടുതൽ പേർക്ക് സൗകര്യപ്രദമായി എത്താനാകും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ വലിയ വികസനമെത്തുകയും ചെയ്യും. പതിനാലോളം റെയിൽവേ സ്റ്റേഷനുകളാണ് ശബരി റെയിൽപാതയിൽ നിർമ്മിക്കാൻ പദ്ധതിയൊരുക്കിയത്. ഈ പ്രദേശങ്ങളിലെല്ലാം അതിനോടനുബന്ധിച്ചുള്ള വികസനപ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ടൂറിസം വികസനത്തിനുൾപ്പെടെ ശബരി പാത കേരളത്തിന് മുതൽക്കൂട്ടാകുകയും ചെയ്യും. ശബരി റെയിൽവേ പൂർത്തിയാക്കുകയും നിർദിഷ്ട എരുമേലി വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാവുകയും ചെയ്താൽ ശബരിമലയിലേക്കുള്ള തീർത്ഥാടന സൗകര്യം മാത്രമല്ല മധ്യകേരളത്തിലെ മലയോര മേഖലയിൽ കണ്ണഞ്ചിക്കുന്ന വികസനം സാധ്യമാകും. അത് യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുക തന്നെ വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.