
ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണ് ശബരിമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീര്‍ത്ഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചിലർ സംഗമം തടയാൻ ശ്രമം നടത്തി.
ആ ശ്രമങ്ങളെ സുപ്രീം കോടതി തടഞ്ഞത് ആശ്വാസകരമാണ്. തത്വമസി എന്നതാണ് ശബരിമലയിലെ സങ്കൽപം. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോൾ ഇവിടെ അന്യരില്ല. അഥവാ, അന്യരിലേക്കു കൂടി ഞാൻ എന്ന സങ്കൽപം ചേർന്നു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുടെ സ്വീകാര്യത സാർവത്രികമാക്കും. എന്തുകൊണ്ടാണ് ഇത്ര കാലം നടത്താത്ത സംഗമം ഇപ്പോൾ നടത്തുന്നത് എന്നാണ് ചിലരുടെ ചോദ്യം. മാറുന്ന കാലത്തിന് അനുസരിച്ച് ഉയർന്നു ചിന്തിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഇത് നടത്തുന്നത് എന്നാണ് ഉത്തരം.
ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ല. എന്നാൽ ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുമുണ്ട്. അതുകൊണ്ടാണ് തുച്ഛമായ വരുമാനമുള്ള ക്ഷേത്രങ്ങളിൽ അന്തിത്തിരി തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ത്ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.