
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നലത്തെ നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുത്തി. ചോദ്യോത്തരവേളയിലെ ബഹളം കാരണം ആറ് മിനിട്ടിന് ശേഷം സഭ നിറുത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ നടപടികള്‍ വെട്ടിച്ചുരുക്കി 50 മിനിട്ടുകള്‍ക്കുള്ളില്‍ സഭ പിരിഞ്ഞു. ഈ നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷം ചോദ്യോത്തരവേള ഇത്തരത്തില്‍ സ്തംഭിപ്പിക്കുന്നത്.
രാവിലെ ഒമ്പതിന് സ്പീക്കര്‍ എ എൻ ഷംസീര്‍ ചെയറിലെത്തിയയുടൻ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങി. മന്ത്രി കെ എൻ ബാലഗോപാലിനെ മറുപടിക്കായി സ്പീക്കര്‍ വിളിക്കാനൊരുങ്ങവെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുന്നേറ്റു. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പിന്നാലെ സ്പീക്കർ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി മന്ത്രിയെ ക്ഷണിച്ചു. ബാലഗോപാല്‍ എഴുന്നേറ്റയുടൻ, അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്നെഴുതിയ ബാനർ ഉയർത്തി പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുകയും പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രവാക്യം വിളിക്കുകയും ചെയ്തു. ചാണ്ടി ഉമ്മനും ആര്യാടൻ ഷൗക്കത്തുമാണ് ബാനറുയർത്തിയത്. ബഹളത്തിനിടെയും മന്ത്രി മറുപടി തുടർന്നു. പ്രതിപക്ഷാംഗങ്ങളോട് സീറ്റിലേക്ക് മടങ്ങാൻ സ്പീക്കർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവർ ചെവിക്കൊണ്ടില്ല.
ഒരു നിയമസഭയിലും ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഇങ്ങനെ ബഹളമുണ്ടാക്കാറില്ലെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ചോദ്യസമയത്ത് ഇത്രയും മോശമായി പ്രവര്‍ത്തിക്കുന്നത് അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുക്കാൻ മറന്നതിനാലാണോയെന്നറിയില്ല. ആരാണ് കൊടുക്കേണ്ടതെന്ന സംശയമായിരിക്കും പ്രതിപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്വന്തം അംഗങ്ങളെ നിയന്ത്രണമില്ലാതെ വിടരുത്, ഉപദേശിക്കണം. ചർച്ച ഒഴിവാക്കാനും പുകമറയുണ്ടാക്കാനുമാണ് പ്രതിപക്ഷ ശ്രമമെന്നും ബാലഗോപാൽ പറഞ്ഞു.
ഗൗരവമേറിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് സഭയോടും ജനങ്ങളോടുമുള്ള അനാദരവാണെന്നും സ്പീക്കർ പറഞ്ഞു. എന്നിട്ടും ബഹളം തുടർന്നതോടെ ചോദ്യോത്തരവേളയുടെ ബാക്കിഭാഗം റദ്ദാക്കിയ സ്പീക്കര്‍ സഭ നിറുത്തിവച്ചു. 10ന് വീണ്ടും സമ്മേളിച്ചപ്പോൾ പ്രതിപക്ഷം വീണ്ടും ബാനറുയര്‍ത്തി സ്പീക്കറുടെ കാഴ്ചമറച്ചു. പിന്നാലെ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുകളും മന്ത്രിമാര്‍ സഭയുടെ മേശപ്പുറത്ത് വച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യക്ഷന്മാരായ വിവിധ റിപ്പോർട്ടുകളും മേശപ്പുറത്ത് വച്ചു. തുടര്‍ന്ന് 2025- 26ലെ ബജറ്റ് ഉപധനാഭ്യർത്ഥനകൾ ചർച്ചയും വോട്ടെടുപ്പുമില്ലാതെ പാസാക്കി. പിന്നാലെ മന്ത്രിമാർ അവതരിപ്പിച്ച ആറ് ബില്ലുകൾ ചർച്ചയില്ലാതെ സബജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട് സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.