
ശബരിമല സ്വർണമോഷണ കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. സ്വർണ മോഷണക്കേസില്‍ ഇപ്പോള്‍ ആദ്യ ജാമ്യം അനുവദിച്ചത് കൊല്ലം വിജിലൻസ് കോടതിയാണ്. ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. എസ്ഐടി ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്.
അതേസമയം, ശബരിമല സ്വര്‍ണമോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് എസ് ഐ ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചു.
അരങ്ങേറിയത് വിശാലമായ ഗൂഡാലോചനയാണെന്നും സ്വര്‍ണക്കവര്‍ച്ച സംഘടിത കുറ്റകൃത്യമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. മറ്റു സ്വര്‍ണപ്പാളികളിലെ സ്വര്‍ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ് ഐ ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.