
ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019‑ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തിലെത്തിയത്. ശബരിമലയില്‍ സ്വർണക്കവര്‍ച്ച നടന്നിട്ടുണ്ട്. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ശബരിമലയില്‍ 1998 ല്‍ സ്വര്‍ണപ്പാളി പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദേവസ്വം വിജിലന്‍സിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്|പി കോടതിക്ക് കൈമാറി. ഇതില്‍ ഒന്നര കിലോ സ്വര്‍ണം ദ്വാരപാലകശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചെമ്പുപാളിയാണെന്നാണ് 2019 ലെ ദേവസ്വം ബോര്‍ഡിലെ മഹസ്സറില്‍ രേഖപ്പെടുത്തിയിരുന്നത്.
2019 ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ വിവരങ്ങള്‍ തേടി ഉണ്ണികൃഷ്ണന്‍ പോറ്റി, തന്റെ യാഹൂ മെയില്‍ ഐഡിയില്‍ നിന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന് ഇ മെയില്‍ മെയില്‍ അയച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം തിരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കത്ത് പോകുന്നുണ്ട്. തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലകശില്‍പ്പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത്.2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ഒന്നര കിലോ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പമാണ്.
എന്നാല്‍ ദേവസ്വം മഹസറില്‍ ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശ്രീകോവിലിനു ചുറ്റുമുള്ള എട്ടു സൈഡ് പാളികളില്‍ രണ്ടു സൈഡ് പാളികള്‍ കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയിരുന്നു. അതു പിന്നീട് തിരിച്ചേല്‍പ്പിച്ചിരുന്നു. എട്ടു പാളികളിലായി നാലു കിലോ സ്വര്‍ണമാണ് യുബി ഗ്രൂപ്പ് അന്ന് പൊതിഞ്ഞത്. തിരിച്ചേല്‍പ്പിച്ച സ്വര്‍ണ പാളികളില്‍ എത്ര സ്വര്‍ണം ഉണ്ടെന്നത് പരിശോധന നടത്തേണ്ടതുണ്ട്. ദ്വാരപാലക ശില്‍പ്പം തിരിച്ചു കൊണ്ടു വന്നപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.