23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 7, 2024
November 2, 2024
November 1, 2024
October 23, 2024
October 18, 2024
October 9, 2024
September 27, 2024
September 1, 2024
July 12, 2024
July 10, 2024

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി വി എന്‍ വാസവന്‍

Janayugom Webdesk
തിരുവനന്തപുരം
November 2, 2024 3:02 pm

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായും,മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അന്തിമഘട്ട ഒരുക്കം വിളയിരുത്തിയതായും ദേവസ്വം ദേവസ്വം-സഹകരണ‑തുറമുഖ വകുപ്പു മന്ത്രി വിഎന്‍ വാസവന്‍. എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും.വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി.

ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവര്‍ത്തികളും നവംബര്‍ 10നകം പൂര്‍ത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുന്‍പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാസൗകര്യവും ഒരുക്കും. സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാണ്. അഗ്‌നിരക്ഷാ സേന ഇത്തവണ കൂടുതല്‍ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയര്‍മാരുടെ സേവനം അഗ്‌നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയര്‍ഫോഴ്സ് വിവരങ്ങള്‍ കൈമാറുന്നതിനും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.

തീര്‍ഥാടകര്‍ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷന്‍ വകുപ്പ് സുരക്ഷാവേലികള്‍ നിര്‍മിക്കും. വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ശുചിത്വമിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മാലിന്യസംസ്‌ക്കരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുക. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണത്തിന് ആധുനിക മൊബൈല്‍ സംവിധാനങ്ങടക്കം ഉപയോഗിക്കും. ചങ്ങനാശേരി നഗരസഭ, കുമരകം പഞ്ചായത്ത് എന്നിവിടങ്ങളിലെ മൊബൈല്‍ സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണ യൂണിറ്റ് ഇതിനായി ഉപയോഗിക്കും.നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കല്‍ കോളജിലും പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും.

എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും മറ്റുസൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പമ്പ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വിപുലമായ കാര്‍ഡിയോളജി ചികിത്സാസംവിധാനമുണ്ട്. ഇവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേകവാര്‍ഡുകളും ഇന്‍ഫര്‍മേഷന്‍ സെന്ററുകളും തുറക്കും. പാമ്പുകടി ഏല്‍ക്കുന്നവര്‍ക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങള്‍ ഭക്തര്‍ക്കായി നല്‍കുന്നുണ്ട്. ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസര്‍ജന്‍ രാംനാരായണന്റെ നേതൃത്വത്തില്‍ വിദഗ്ധരായ നൂറിലേറെ ഡോക്ടര്‍മാര്‍ ഡിവോവോട്ടീസ് ഓഫ് ഡോക്ടര്‍സ് എന്ന പേരില്‍ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും.

മണ്ഡല-മകരവിളക്ക് കാലം മുഴുവന്‍ എക്കോ കാര്‍ഡിയോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കി ഡോക്ടര്‍സ് പമ്പയിലും സന്നിധാനത്തും സേവനം ലഭ്യമാക്കും.മോട്ടോര്‍ വാഹനവകുപ്പ് സേഫ് സോണ്‍ പദ്ധതി വിപുലമാക്കും. 20 സ്‌ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങള്‍ കേടായാല്‍ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും. ജല അതോറിട്ടിയുടെ ഗുണനിലവാര പരിശോധന ലാബിലൂടെ പമ്പയില്‍ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. തേനി-പമ്പ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ശുചിത്വവും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പും ലീഗല്‍ മെട്രോളജിയും ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. ഇടത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്സൈസും പൊലീസും ചേര്‍ന്ന് സംയുക്തപരിശോധനകള്‍ നടത്തും. കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി. നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ‑ടോയ്ലറ്റ് സൗകര്യവുമുണ്ടാകും. പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളില്‍ പൊലീസ് എയ്ഡ്പോസ്റ്റുകള്‍ തുറക്കും. കാനനപാതയില്‍ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങള്‍ തുറക്കും. തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ 1500 എക്കോ ഗാര്‍ഡുകളെ നിയോഗിക്കും.എലിഫെന്റ് സ്‌ക്വാഡിന്റെയടക്കം സേവനമുണ്ടാകും.ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷന്‍ പ്ലാന്‍ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്.

90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.ഭക്ഷ്യ‑സാധനവില ആറു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കും.കവറേജ് വര്‍ധിപ്പിക്കുന്നതിനായി ബിഎസ്എന്‍എല്‍ 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശുചിത്വമിഷന്‍ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് ഗ്രീന്‍ ഗാര്‍ഡുകളെ നിയോഗിക്കും. വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നര്‍ അരവണ ബഫര്‍ സ്റ്റോക്കുണ്ടാകും. അരവണയും അപ്പവും തീര്‍ഥാടകര്‍ക്കും യഥേഷ്ടം ലഭ്യമാക്കും. എസ്എംഎസ് മുഖേന തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. ഇത്തവണ കൂടുതല്‍ സൗകര്യമൊരുക്കി 2500 വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലില്‍ പാര്‍ക്കിങ് പൂര്‍ണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്.

പമ്പ ഹില്‍ടോപ്പ് ‚ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. ഇവിടെ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാര്‍ക്കിങ് ക്രമീകരണം ഒരുക്കാന്‍ ശ്രമിക്കും. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി വിനിയോഗിക്കും.നിലയ്ക്കലില്‍ 1045 ടോയ്ലറ്റുകളും പമ്പയില്‍ 580 ടോയ്ലറ്റുകളും ഒരുക്കും. നൂറെണ്ണം സ്ത്രീകള്‍ക്കായാണ് ഒരുക്കുക. സന്നിധാനത്ത് 1005 ടോയ്ലെറ്റുകളൊരുക്കും. പാരമ്പര്യപാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി ബയോടോയ്ലെറ്റുകളും ബയോ യൂറിനലകളും അന്‍പതിലധികം സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞവര്‍ഷം 15 ലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കി. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് പൂര്‍ണ്ണമായും പുനര്‍ നവീകരിക്കുന്നു. 

സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പൂര്‍ണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.മന്ത്രിമാരായ വിഎന്‍ വാസവന്‍, കെ രാജന്‍, കെ കൃഷ്ണന്‍ കുട്ടി, എകെ ശശീന്ദ്രന്‍, ജിആര്‍അനില്‍, കെബി ഗണേഷ്‌കുമാര്‍, വീണ ജോര്‍ജ്, എംഎല്‍എമാരായ അഡ്വ പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍,ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, ദേവസ്വം സ്പെഷല്‍ സെക്രട്ടറി ടിവി അനുപമ, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തു

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.