16 January 2026, Friday

Related news

January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ശബരിമല: ഒരുക്കങ്ങൾ പൂർത്തിയായി, തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ 

Janayugom Webdesk
തിരുവനന്തപുരം
November 14, 2023 7:18 pm
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൃശ്ചികം ഒന്നു മുതൽ രണ്ടുമാസക്കാലമാണ് മണ്ഡല മകരവിളക്ക് മഹോത്സവം. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.  നൂതന സാങ്കേതിക വിദ്യകളുടെ സഹായവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവർത്തനങ്ങളിൽ നിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയർത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850ൽ നിന്ന് 1000 രൂപയാക്കി.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണിൽ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീർത്ഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വീഡിയോ വാളും സജ്ജമാക്കും. മുൻ വർഷം ആരംഭിച്ച ഇ- കാണിക്ക കൂടുതൽ സമഗ്രമാക്കിയിട്ടുണ്ട്.
പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, കുമളി, ഏറ്റുമാനൂർ, പുനലൂർ എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പയിലെ ട്രാൻസ്പോര്‍ട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകര വിളക്ക് വരെ കൂടുതൽ സർവീസുകളും കെഎസ്ആർടിസി നടത്തും. ചികിത്സാ ആവശ്യങ്ങൾക്കായും കൂടുതൽ ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കി. വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമെ വനാശ്രിതരായ പട്ടികവർഗക്കാരിൽ നിന്ന് നിയമിക്കപ്പെട്ടവരിൽപ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളിൽ ലഭ്യമാകും. വനത്തെ അറിയുന്ന ഇവരുടെ സേവനം തീർത്ഥാടകർക്ക് വളരെ സഹായമാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ട് ടൈൽ വിരിച്ച് വൃത്തിയാക്കി. പാർക്കിങ്ങിന് ഫാസ്ടാഗും ഏർപ്പെടുത്തി. തപാൽ വകുപ്പുമായി സഹകരിച്ച് സ്വാമി പ്രസാദം ഇന്ത്യയിലെവിടെയും എത്തിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ, സ്വകാര്യ ക്ഷേത്രങ്ങളടക്കം എല്ലാ ആരാധനാലയങ്ങളുടെയും സൗകര്യങ്ങൾ ശബരിമല തീർത്ഥാടകർക്കായി നൽകണമെന്നും, രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ശബരിമല തീർത്ഥാടനത്തെ മാറ്റിത്തീർക്കണമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ അഭ്യർത്ഥിച്ചു.
Eng­lish Sum­ma­ry: sabari­mala prepa­ra­tions are complete
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.