
ശബരിമലയിലെ സ്വര്‍ണമോഷണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചീഫ് വിജിലൻസ് ഓഫിസർ വി സുനിൽകുമാറില്‍ നിന്ന് മൊഴിയെടുത്തു. ഇന്നലെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ദ്വാരപാലക ശില്പപാളികൾ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തുകൊണ്ടുപോയത് ട്രാവൻകൂർ ദേവസ്വം മാനുവലിന് എതിരാണ്. എന്നാൽ അത് കേവലം ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം കാണാനാവില്ലെന്നാണ് സുനില്‍കുമാറിന്റെ വാദം.
അതേസമയം, എസ്ഐടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും ഒന്നാംപ്രതിയായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. വിശദമായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് അടക്കമുള്ള നടപടികളെന്നാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇന്നലെയും എസ്ഐടി ദേവസ്വം ആസ്ഥാനത്ത് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു.
ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദ പ്രവൃത്തികളാണ് ശബരിമലയിലെ സ്വർണം നഷ്ടമാക്കിയതെന്നും കട്ടിളപ്പാളി സ്വർണം പൂശിയതിന് മഹസറില്ലെന്നും സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും വ്യക്തമാക്കി ദേവസ്വം വിജിലൻസ് ഹൈക്കോടതിയില്‍ നല്‍കിയ അഡിഷണല്‍ റിപ്പോര്‍ട്ടും പുറത്തുവന്നു. 2019ലെ ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്ക് ഗുരുതര വീഴ്ചയുണ്ടായി. സ്വർണം പൂശൽ പ്രക്രിയ വീഡിയോ എടുക്കാമെന്നിരിക്കെ അതുണ്ടായില്ല. ഭക്തർ നൽകുന്ന സ്വർണമല്ല കൊടിമരം, താഴികക്കുടം എന്നിവയിൽ പൂശുന്നതെന്നും ചീഫ് വിജിലൻസ് ഓഫിസർ വി സുനിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച അഡിഷണൽ റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.