ചെസ് ബോര്‍ഡില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. 13-ാം ഗെയിമില്‍ 6.5 പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. അവസാന ഗെയിമില്‍ ഗുകേഷ് ചൈനീസ് താരത്തെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയില്‍ ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി.
ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് 18കാരനായ ഗുകേഷ്. റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസിലെ (1985) നേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ ഡിങ് ലിറനാണ് വിജയം കണ്ടത്. മൂന്നാം ഗെയിമിൽ ഗുകേഷും വിജയം കണ്ടു. പിന്നീട് തുടർച്ചയായി ഏഴ് ഗെയിമുകൾ സമനിലയിൽ കലാശിച്ചു. 11-ാം റൗണ്ടില്‍ ഗുകേഷ് വീണ്ടും വിജയം കണ്ടു. എന്നാല്‍ 12-ാം റൗണ്ടില്‍ തിരിച്ചടിച്ച ലിറന്‍ ഒപ്പമെത്തി. 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ (6.5–6.5) അവസാന ഗെയിമില്‍ ജയിക്കുന്നവർക്കായി കിരീടം. അവസാന മത്സരത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം സമനിലയിലേക്കാണെന്ന തോന്നലുയർന്നു. ലോക ചാമ്പ്യനെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവരുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ലിറന് പിണഞ്ഞ അബദ്ധം മുതലെടുത്ത് ഗുകേഷ് വിജയത്തിലേക്ക് തന്റെ കറുത്ത കരുക്കള്‍ നീക്കിയത്.
പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്മാര്‍
ഡി ഗുകേഷ് — 18 വയസ് എട്ട് മാസം 14 ദിവസം — ഡിസംബര്‍ 12, 2024
ഗാരി കാസ്പറോവ് — 22 വയസ് 6 മാസം 27 ദിവസം — നവംബര്‍ 9, 1985
മാഗ്നസ് കാള്‍സണ്‍ — 22 വയസ് 11 മാസം 24 ദിവസം — നവംബര്‍ 23, 2013
മിഖൈല്‍ ടാല്‍ — 23 വയസ് 5 മാസം 28 ദിവസം — മേയ് 7, 1960
അനറ്റോലി കാർപോവ്- 23 വയസ് 10 മാസം 11 ദിവസം — ഏപ്രില്‍ 3, 1975
വ്ലാഡിമിർ ക്രാംനിക് — 25 വയസ് 4 മാസം 10 ദിവസം — നവംബര്‍ 4, 2000
ഇമ്മാനുവൽ ലാസ്കർ — 25 വയസ് 5 മാസം 2 days — മേയ് 26, 1894
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.