24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026

സച്ചിന്‍ ഔട്ടല്ല; 22 വർഷത്തിന് ശേഷം തുറന്നുപറഞ്ഞ് സ്റ്റീവ് ബക്‌നർ

Janayugom Webdesk
ജമൈക്ക
February 24, 2026 10:03 pm

ക്രിക്കറ്റ് ലോകം ഇന്നും ചർച്ച ചെയ്യുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആ വിവാദമായ ‘എൽബിഡബ്ല്യു’ ഔട്ട് തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിച്ച വെസ്റ്റിൻഡീസ് മുൻ അംപയർ സ്റ്റീവ് ബക്‌നർ. 2003–04ലെ ഇന്ത്യ‑ഓസ്‌ട്രേലിയ പരമ്പരയിലെ ഗാബ ടെസ്റ്റിലുണ്ടായ സംഭവത്തിലാണ് 79‑കാരനായ ബക്‌നർ ഇപ്പോൾ ഖേദം പ്രകടിപ്പിച്ചത്. 2003ൽ ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ നടന്ന ഒന്നാം ടെസ്റ്റിലായിരുന്നു വിവാദ സംഭവം. ഓസീസ് ബൗളർ ജേസൺ ഗില്ലസ്പിയുടെ പന്ത് ഓഫ് സ്റ്റംപിന് പുറത്തുകൂടി പോകുമെന്ന് കരുതി സച്ചിൻ ലീവ് ചെയ്തെങ്കിലും പന്ത് പാഡിൽ തട്ടി. ഓസീസ് താരങ്ങളുടെ ശക്തമായ അപ്പീലിന് പിന്നാലെ ബക്‌നർ ഔട്ട് വിളിക്കുകയായിരുന്നു. എന്നാൽ റീപ്ലേകളിൽ പന്ത് സ്റ്റംപിന് മുകളിലൂടെ പോകുമെന്ന് വ്യക്തമായിരുന്നു. അന്ന് ഡിആർഎസ് സംവിധാനം ഇല്ലാതിരുന്നതിനാൽ സച്ചിന് നിരാശയോടെ മടങ്ങേണ്ടി വന്നു.

‘അതൊരു തെറ്റായ തീരുമാനമായിരുന്നു. എനിക്കത് അറിയാം. ഇന്നും ആളുകൾ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. മനുഷ്യസഹജമായ തെറ്റുകൾ ജീവിതത്തിൽ സംഭവിക്കാറില്ലേ? അത്തരമൊരു അബദ്ധം മാത്രമായിരുന്നു അത്. ആ ഓർമ്മയുമായാണ് ഞാൻ ജീവിക്കുന്നത്’- സ്റ്റീവ് ബക്‌നർ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അംപയേഴ്‌സ് അസോസിയേഷനോട് സംസാരിക്കവേ പറഞ്ഞു. 28 ടെസ്റ്റ്, 181 ഏകദിനം എന്നിങ്ങനെ മത്സരങ്ങളില്‍ അമ്പയറായിട്ടുണ്ട് ബക്‌നര്‍. തുടർച്ചയായ അഞ്ച് ലോകകപ്പ് ഫൈനലുകൾ നിയന്ത്രിച്ചു. 2009ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അംപയറിങ് കരിയറില്‍ നിന്ന് വിരമിച്ചു. സച്ചിനെതിരെ ബക്‌നർ എടുത്ത തെറ്റായ തീരുമാനങ്ങൾ ഇതുകൊണ്ട് അവസാനിച്ചില്ല. പിന്നീട് പാകിസ്ഥാനെതിരായ മത്സരത്തിൽ അബ്ദുൽ റസാഖിന്റെ പന്തിൽ സച്ചിൻ ഔട്ടാണെന്ന് വിധിച്ചതും വലിയ വിവാദമായിരുന്നു. അന്ന് പന്ത് ബാറ്റിൽ തട്ടിയിരുന്നില്ലെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. അന്ന് സച്ചിൻ നടത്തിയ പരിഹാസം പ്രസിദ്ധമാണ്. ‘ബക്‌നർക്ക് ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ രണ്ട് ബോക്സിങ് ഗ്ലൗസുകൾ നൽകണം, അങ്ങനെയെങ്കിലും അദ്ദേഹം കൈ ഉയർത്തി ഔട്ട് വിളിക്കാതിരിക്കുമല്ലോ!എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.